ആലുവ: കീഴ്മാട് പഞ്ചായത്തിലെ ഭക്ഷ്യ സ്ഥാപനങ്ങൾ, ഹോട്ടൽ, ബേക്കറി, കൂൾബാർ, വഴിയോരങ്ങളിലെ ശീതള പാനീയ, കരിക്ക്, കരിമ്പ് സ്റ്റാളുകളിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ശുചിത്വ പോരായ്മയും ഗുണനിലവാരക്കുറവും കണ്ടെത്തിയ സ്ഥാപനങ്ങൾക്കാണ് നോട്ടിസ്. ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി 14 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. കീഴ്മട് കുടുംബരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടമാരായ എം.എം. സക്കീർ, എം.ബി. സബ്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർ ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകും.