ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളം ക്ഷാമം രൂക്ഷം. ജലമിഷൻ പദ്ധതിയുടെ ഭാഗമായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച ശേഷമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. മുപ്പത്തടം പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വേണ്ടത്ര പ്രഷർ ഇല്ലാത്തതാണ് വെള്ളമെത്താനുള്ള തടസമെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ വിതരണ പൈപ്പിൽ എവിടെയോ ബ്ലോക്കുണ്ടെന്നും അത് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നുമാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. ആലങ്ങാട് റോഡിൽ വളവ് സ്റ്റോപ്പിന് സമീപം ഒരാഴ്ചയ്ക്കുള്ളിൽ മൂന്നിടത്തായി കുഴിച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കരാറുകാർ സമരത്തിലായതിനാൽ വാട്ടർ അതോറിറ്റി നേരിട്ടാണ് പരിശോധന നടത്തുന്നതെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിലേക്കും വരാപ്പുഴയിലെ കടമക്കുടിയിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് മുപ്പത്തടം പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ്. ഏലൂക്കരയിൽ നിന്ന് വെള്ളം ശേഖരിച്ച് ടാങ്കിൽ സൂക്ഷിച്ച ശേഷമാണ് വിതരണം. ടാങ്ക് മുഴുവനായി നിറയാതെ വിതരണം ചെയ്യുന്നതിനാൽ പ്രഷർ കുറവാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. എന്നാൽ ടാങ്ക് നിറയുന്നുണ്ടെന്നും വിതരണ പൈപ്പിലെ തടസം ഉടനെ കണ്ടെത്തി പരിഹരിക്കുമെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി കടുങ്ങല്ലൂരിൽ കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുകയാണ്.
പാരയായി ജലജീവൻ മിഷൻ
ജലമിഷൻ പദ്ധതി നടപ്പാക്കിയപ്പോൾ ഉപഭോക്താക്കൾ കൂടി
പമ്പിംഗ് തുടങ്ങുമ്പോൾ തന്നെ വെള്ളം തീരുന്നു
മുപ്പത്തടത്തെ ടാങ്കിന്റെ കപ്പാസിറ്റി വർദ്ധിപ്പിച്ചാൽ പ്രശ്നപരിഹാരമാകും
വീടിനു മുകളിലെ ടാങ്കിൽ വെള്ളം കയറാത്തതിനാൽ മുറ്റത്ത് ടാങ്ക് സ്ഥാപിക്കുന്ന തിരക്കിലാണ് പലരും. വെള്ളം എത്തുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. ടാങ്കർ ലോറിയിൽ കുടിവെള്ളം ലഭ്യമാക്കുന്നവരും ഏറെ.