watermetro

* 23 കോടിയുടെ പദ്ധതി

* പത്താം ടെർമിനൽ ഞായറാഴ്ച മുതൽ

കൊച്ചി: സർവീസ് ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ യാത്രക്കാർക്കിടയിൽ സൂപ്പർഹിറ്റായ കൊച്ചി വാട്ടർമെട്രോ സൂപ്പർഹിറ്റാക്കാൻ കോടികളുടെ പദ്ധതി അണിയറയിലൊരുങ്ങുന്നു. ഫീഡർ സർവീസിനുമാത്രം 23 കോടിയുടെ പദ്ധതിയാണ് ഒരുക്കുന്നത്. നാലുകോടിരൂപ മുടക്കിൽ 100 ഇ- ഓട്ടോകൾക്കും 19 കോടി മുടക്കിൽ 20 ഇ- ബസുകൾക്കുമുള്ള പദ്ധതിയാണ് വാട്ടർമെട്രോമാത്രം സമർപ്പിച്ചിട്ടുള്ളത്. ഇത് നടപ്പായാൽ വാട്ടർമെട്രോ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് കുതിക്കും.
മൂന്നുമാസംകൊണ്ട് യാത്രക്കാരുടെ എണ്ണം അഞ്ചുലക്ഷവും ആറുമാസംകൊണ്ട് 10 ലക്ഷവും ഒൻപതുമാസംകൊണ്ട് 15 ലക്ഷവും പിന്നിട്ട കൊച്ചി വാട്ടർമെട്രോ വൈകാതെ 20 ലക്ഷം യാത്രക്കാരെന്ന നേട്ടത്തിലേക്കെത്തും. ഇതിനൊപ്പം വാട്ടർമെട്രോയുടെ പത്താം ടെർമിനലായ ഫോർട്ടുകൊച്ചിയിൽനിന്ന് ഹൈക്കോർട്ട് ജംഗ്ഷനിലേക്കുള്ള സർവീസ് ഏപ്രിൽ 21ന് ആരംഭിക്കും. 20 മുതൽ 30മിനിട്ട് ഇടവേളകളിലുള്ള സർവീസിന് 40 രൂപയാണ് നിരക്ക്.
ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞദിവസം കൈമാറി. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഞായറാഴ്ച സർവീസ് ആരംഭിക്കുന്നത്.

നിലവിൽ ദിവസവും 6500 മുതൽ 7000 വരെ യാത്രക്കാരാണ് 9 ടെർമിനലിലുമായെത്തുന്നത്. വിഷുദിനത്തിൽ ഇത് 10,000 കടന്നു.

* യാത്രക്കാർ കൂടുതൽ ഹൈക്കോർട്ട്-വൈപ്പിനിൽ

ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. കൊച്ചി കാണാനെത്തുന്ന ആഭ്യന്തര- വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ ഈ റൂട്ടിലെ നിത്യസന്ദർശകരാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉൾപ്പെടെ തൊട്ടുചേർന്നുണ്ടെന്നുള്ളതാണ് ഈ റൂട്ടിനെ ഏറെ പ്രിയങ്കരമാക്കുന്നത്. ദിനംപ്രതിയുള്ള 6500-7000 യാത്രികരിൽ ഏറെയും ഈ റൂട്ടിലാണ്. മറൈൻഡ്രൈവ് വാക്‌വേ ഉൾപ്പെടെ ഇതിനോട് ചേർന്നാണെന്നുള്ളതും അനുകൂല ഘടകമാണ്.

* 13 ബോട്ടുകൾ
9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി ആരംഭിച്ച വാട്ടർമെട്രോ ഏപ്രിൽ 25ന് ഒരുവർഷം പൂർത്തിയാക്കും. 11മാസംകൊണ്ട് 13 ബോട്ടുകൾ, 5 റൂട്ടുകൾ എന്ന നിലയിലേക്ക് വാട്ടർമെട്രോ വ്യാപിച്ചു. 13 ബോട്ടുകളുമായി ഹൈക്കോർട്ട് ജംഗ്ഷൻ - വൈപ്പിൻ- ബോൾഗാട്ടി ടെർമിനലുകളിലും വൈറ്റില- കാക്കനാട് ടെർമിനലുകളിലും ഏലൂർ- ചേരാനല്ലൂർ ടെർമിനലുകളിൽനിന്നുമാണ് നിലവിൽ സർവീസ്.

ഹൈക്കോർട്ട് ജംഗ്ഷനിൽനിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസിനായുള്ള സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലാണ്. മുളവുകാട് നോർത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഫീഡർ സർവീസ് പ്രപ്പോസൽ അനുവദിച്ചാൽ വാട്ടർമെട്രോ യാത്രക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിക്കും
സാജൻ ജോൺ,
സി.ഒ.ഒ, കൊച്ചി വാട്ടർമെട്രോ