 
മൂവാറ്റുപുഴ : മനുഷ്യവാസത്തിന് സാദ്ധ്യമല്ലാത്ത വിധം കേരളത്തിൽ ചൂട് വർദ്ധിക്കുന്നത് തടയാൻ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തി സംഘടിപ്പിച്ച സംസ്ഥാന ക്ലൈമറ്റ് ക്യാമ്പിന് മൂന്നാർ രാജമല ഇരവികുളം നാഷണൽ പാർക്കിൽ സമാപനം. കൊച്ചിയിൽ നിന്ന് ആരംഭിച്ച ജാഥയുടെ സമാപനത്തോടനുബന്ധിച്ച് ഇരവികുളം നാഷണൽ പാർക്കിൽ നടന്ന ക്ലൈമറ്റ് കൺവെൻഷൻ ഡി.എഫ്.ഒ വിനോദ് എസ്.വി. ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സംഘടന പ്രതിനിധികളും പങ്കെടുത്തു.
പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിനായി അടിയന്തിര നടപടികൾ ആവശ്യമാണെന്ന് ക്യാമ്പ് മുന്നറിയിപ്പ് നൽകി. അധിനിവേശ സസ്യങ്ങൾ പ്രാദേശിക ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ്. ഷോള വനങ്ങളിൽ വച്ചുപിടിപ്പിച്ച യൂക്കാലിപ്റ്റസും ഗ്രാന്റിസ് മരങ്ങളും ഉടൻ മുറിച്ചു നീക്കം ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ടുദിവസം നീണ്ട ക്യാമ്പിൽ വനമേഖലയിലെയും സമീപ പ്രദേശങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ക്യാമ്പ് അംഗങ്ങൾ നീക്കം ചെയ്തു . യുവാക്കൾക്ക് വേണ്ടി ഒരു ദിവസത്തെ വനസാഹസിക യാത്രയും ഉണ്ടായിരുന്നു. പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളും മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയുമാണ് ക്ലൈമറ്റ് ക്യാമ്പ് സംഘടിപ്പിച്ചത്