കോലഞ്ചേരി: വേനലിന്റെ കാഠിന്യം കൂടിയതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു വീഴുന്നു. മൂപ്പെത്താതെ ഒടിഞ്ഞു വീഴുന്ന വാഴക്കുലകൾ കിട്ടുന്ന വിലയ്ക്ക് വെട്ടി വില്ക്കുകയാണ് കർഷകർ. ഇതിന് ആവശ്യക്കാരില്ലാത്തതും തിരിച്ചടിയാകുകയാണ്. കറികളിൽ ചേർക്കാൻ മാത്രമാണ് ഇത്തരം കായ ഉപയോഗിക്കുന്നത്. കൃഷി നടത്താൻ ചിലവായതിന്റെ നാലിലൊന്ന് തുക പോലും തിരിച്ചു കിട്ടാതെ ആത്മഹത്യയുടെ വക്കിലാണ് പല കർഷകരും. സ്ഥലം പാട്ടത്തിനെടുത്ത് വേനൽ മഴ പ്രതീക്ഷിച്ച് വയലുകളിലും മറ്റും വാഴ കൃഷിയിറക്കിയവർക്കാണ് തിരിച്ചടി.
എന്നാൽ കനത്ത ചൂടിനിടയിലെ വേനൽ മഴ വാഴയ്ക്ക് മഞ്ഞളിപ്പ് ബാധിക്കുന്നതിന് കാരണമായിരിക്കുകയാണ്.
അത്തരം വാഴകൾ തണ്ട് ചീഞ്ഞ് അഴുകി ഒടിഞ്ഞുവീഴുന്ന അവസ്ഥയിലാണ്.
മഴുവന്നൂർ, തിരുവാണിയൂർ മേഖലകളിലെ ഒട്ടു മിക്ക വാഴ കർഷകർക്കും തിരിച്ചടി നേരിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചൂട് കഴിയുന്നതോടെയാണ് ഇനി കർഷകരുടെ കാര്യങ്ങൾക്ക് തീരുമാനമാകൂ. അതോടെ ബാക്കി വാഴകളും നശിച്ച് ജീവിതം കുട്ടിച്ചോറാകുന്ന സ്ഥിതിയാകും. കാർഷിക വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതോടെ ബാങ്കുകളുടെ പിടിയും കർഷകർക്ക് മേൽ വീഴും.
നഷ്ടപരിഹാരം അകലെ
കൃഷി ഭവൻ വഴിയുള്ള നഷ്ടപരിഹാരം വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചാൽ മാത്രം
ഇതിന് സർക്കാരിലേക്ക് ശുപാർശ നൽകേണ്ടത് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി
തിരഞ്ഞെടുപ്പ് ചൂടിൽ ഇക്കാര്യമെല്ലാം മറന്ന് ഉദ്യോഗസ്ഥർ
കർഷക സംഘടനകൾ മൗനം പാലിക്കുന്നതും തിരിച്ചടി
കടാശ്വാസ കമ്മീഷന്റെ ഇടപെടലും ഇതു വരെ ഉണ്ടായിട്ടില്ല
ഇൻഷുറൻസ് എടുത്ത ശേഷം കൃഷിയിറക്കണമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ.
ഇൻഷുറൻസ് പരിരക്ഷ വരൾച്ചക്ക് ലഭിക്കില്ലെന്നും കാറ്റിൽ ഒടിഞ്ഞാൽ മാത്രമാണ് തുക ലഭിക്കൂ എന്നും കർഷകർ