കൊച്ചി: കൊടുംചൂടും വകവയ്‌ക്കാതെ പര്യടനം നടത്തി ജനങ്ങളോട് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് ചാലക്കുടിയിലെ പ്രമുഖ സ്ഥാനാർത്ഥികൾ. ഉച്ചസമയം ഒഴികെ പരമാവധി സ്ഥലങ്ങളിൽ എത്തിച്ചേരുന്ന പര്യടനമാണ് തുടരുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് പെരുമ്പാവൂരിൽ പര്യടനം നടത്തി. നൂലേല അമ്പലപ്പടിയിലായിരുന്നു തുടക്കം. ഓടക്കാലി ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കാഞ്ഞിരക്കാട് തടങ്ങിയ സ്ഥലങ്ങളിൽ വോട്ടർമാർ സ്വീകരണം ഒരുക്കി.
സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. അഷറഫ്, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, സി.പി.എം ജില്ലാ സെക്രട്ടിയേറ്റ് അംഗം അഡ്വ. പുഷ്പദാസ്, ജില്ലാ കമ്മിറ്റി അംഗം എൻ.സി. മോഹനൻ, പെരുമ്പാവൂർ ഏരിയ സെക്രട്ടറി സി.എം. അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് ചാലക്കുടിയിൽ പര്യടനം നടത്തും.
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ പര്യടനം നടത്തി. വി.പി തുരുത്തിൽ മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം നിർവഹിച്ചു. വേനൽച്ചൂട് വകവയ്ക്കാതെയാണ് സ്ഥാനാർത്ഥിയും യു.ഡി.എഫ് പ്രവർത്തകരും പര്യടനം തുടരുന്നത്.
ഇന്ന് ആലുവ മണ്ഡലത്തിലാണ് പ്രചാരണം. രാവിലെ എടത്തല ചുണ്ടി ജംഗ്ഷനിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കീഴ്‌മാട്, ആലുവ, ചൂർണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിൽ പര്യടനം നടത്തും.
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ പെരുമ്പാവൂരിലെ പര്യടനം ഒക്കലിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മുടക്കുഴ, കുറുപ്പംപടി, ഇടവൂർ, കൊടുവേലിപ്പടി, ഐമുറി, തോട്ടുവ എന്നിവിടങ്ങൾ പിന്നിട്ട് ഇരിങ്ങോൾക്കാവ് ജംഗ്ഷനിൽ സമാപിച്ചു. ഇന്ന് ചാലക്കുടി മണ്ഡലത്തിൽ പര്യടനം നടത്തും.
ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി ചാർളി പോൾ ആലുവയിൽ പര്യടനം നടത്തി. കരിയാട്, തുരുത്തിശേരി ലക്ഷംവീട് കോളനി, അകപ്പറമ്പ്, ചെങ്ങമനാട്, പൊയ്ക്കാട്ടുശേരി, കരിയാട്, അകപ്പറമ്പ്, നെടുവന്നൂർ, ചിറങ്ങര, കൊരട്ടി, കാടുകുറ്റി, മുരിങ്ങൂർ എന്നിവിടങ്ങൾ പിന്നിട്ട് മേലൂരിൽ പര്യടനം സമാപിച്ചു.