കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെത്തുടർന്ന് വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചവർ പ്രതിസന്ധിയിൽ. സ്വന്തം വാഹനത്തിൽ ഏത് കമ്പനിയുടെ ജി.പി.എസും ഘടിപ്പിക്കാൻ വാഹന ഉടമയ്ക്ക് അവകാശം ഉണ്ടായിരിക്കേ ഒരിക്കൽ ഘടിപ്പിച്ച ജി.പി.എസ് മാറ്റുന്നതിന് കമ്പനികൾ തയ്യാറാകുന്നില്ലെന്നതാണ് പ്രതിസന്ധി.

വർഷാവർഷം റീചാർജിന് വൻതുകയാണ് കമ്പനികൾ ഈടാക്കുന്നത്. ഒരിക്കൽ ഘടിപ്പിച്ച ജി.പി.എസ് പരിവാഹൻ വെബ്‌സൈറ്റിൽ കമ്പനികൾ നേരിട്ട് ലോക്ക് ചെയ്യും. ഇതോടെ ജി.പി.എസ് കമ്പനികളുടെ അനുവാദം കൂടാതെ മാറ്റി സ്ഥാപിക്കാനാവില്ല. വാഹനങ്ങളുടെ റീ ടെസ്റ്റിനെയും പ്രതികൂലമായി ബാധിക്കുന്നതായി ഓൾ ഇന്ത്യ വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം യൂസേഴ്‌സ് അസോസിയേഷൻ ( ഒ.ഐ.ടി.എസ്.യു.എ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 പരിഹാരമായില്ല

മോട്ടോർ വാഹനവകുപ്പിൽ പരാതി പറഞ്ഞിട്ടും പരിഹാരമായില്ല. ചില എം.വി.ഡി ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു. കമ്പനികൾ നേരിട്ട് വാഹനം ലോക്ക് ചെയ്യുന്ന രീതി മാറ്റി പുതിയ സംവിധാനം ഏർപ്പെടുത്തണമെന്നും വിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ എം.വി.ഡി നിയമ നടപടി സ്വീകരിക്കണെമെന്നാണ് ആവശ്യം.