malinyam
അമ്പലപ്പറമ്പ് - ചാലക്കൽ റോഡിൽ ബേക്കറി മാലിന്യങ്ങൾ തള്ളിയതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡ്

ആലുവ: അമ്പലപ്പറമ്പ് - ചാലയ്ക്കൽ റോഡിൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിലച്ച മാലിന്യ നിക്ഷേപം രാത്രിയുടെ മറവിൽ വീണ്ടും തുടങ്ങി. ചാലക്കൽ ദാറുസ്സലാം സ്‌കൂൾ ഭാഗത്തേക്ക് പോകുന്ന റോഡിലാണ് മാലിന്യം തള്ളുന്നത്. നേരത്തെ ഈ ഭാഗത്ത് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തുകയും പരിസരത്ത് മുന്നറിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെ താത്കാലികമായി നിലച്ച മാലിന്യനിക്ഷേപമാണ് ഇപ്പോൾ പുന:രാരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ അടക്കം നിരവധിപേർ സഞ്ചരിക്കുന്ന റോഡാണിത്. മൂന്ന് ദിവസം തുടർച്ചയായി മാലിന്യം തള്ളിയതോടെ വീണ്ടും നാട്ടുകാർ ഇവിടെ മുന്നറിയിപ്പ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഒരു നാടിനെ മുഴുവൻ ബുദ്ധിമുട്ടിച്ചുള്ള പ്രവ‌ൃത്തി അവസാനിപ്പിക്കണമെന്നും മാലിന്യ സംസ്കരണത്തിന് അനവധി ശാസ്ത്രീയ മാ‌ർഗങ്ങൾ ഉണ്ടെന്നിരിക്കെ മാലിന്യം പൊതുവഴിയിൽ കൊണ്ടിടുന്നത് നാട്ടുകാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നാണ് ബോർഡിൽ പറയുന്നത്. ദയവായി ആവർത്തിക്കരുതെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ മാലിന്യം റോഡിൽ തള്ളിയിരിക്കുന്നതിന്റെ ചിത്രവും ഫ്ലക്സ് ബോർഡിലുണ്ട്. മൂന്നുവർഷം മുമ്പ് ഇവിടെ മാലിന്യം തള്ളിയ വ്യക്തിയെ പിടികൂടുകയും മാലിന്യം മാറ്റിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ആരും ഈ ഭാഗത്ത് മാലിന്യം തള്ളിയിരുന്നില്ല.