കൊച്ചി: പാതിവേവിച്ച പായ്‌ക്കറ്റ് പെറോട്ടയ്ക്ക് ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി. 18 ശതമാനം ജി.എസ്.ടി.ചുമത്തിയ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ്കുമാർ സിംഗിന്റെ ഉത്തരവ്. ഇടപ്പള്ളി മോഡേൺ ഫുഡ് കമ്പനിയുടെ ഹർജിയിലാണിത്. ഹർജിക്കാരുടെ പൊറോട്ട ഉത്‌പന്നങ്ങൾക്ക് ജി.എസ്.ടി ആക്ട് പ്രകാരം 18 ശതമാനം നികുതി ബാധകമാകുമെന്നായിരുന്നു സർക്കാർ നിലപാട്. ഇത് തർക്കപരിഹാര അപ്പലേറ്റ് അതോറിറ്റി ശരിവയ്ക്കുകയും ചെയ്തിരുന്നു.

ബ്രെഡ്ഡിന്റെ ഗണത്തിൽപ്പെടുന്ന ഉത്പന്നമാണ് പൊറോട്ടയെന്നും അതിനാൽ അഞ്ച് ശതമാനം ജി.എസ്.ടിയേ ബാധകമാകൂ എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ബ്രെഡ് പോലെ ധാന്യപ്പൊടിയിൽ നിന്നാണ് പൊറോട്ട ചുട്ടെടുക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. പൊറോട്ടയും ബ്രെഡും രണ്ടാണെന്ന സർക്കാർ വാദം ഹൈക്കോടതി തള്ളി. പെറോട്ടോയും ചപ്പാത്തിയുമൊക്കെ സമാനമായി തയ്യാറാക്കുന്നതാണെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് 18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള സർ‌ക്കാർ തീരുമാനം തിരുത്തുകയും ചെയ്തു.