lakshdweep

കൊച്ചി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. അരലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ഓരോ വോട്ടിനും വലിയ വിലയാണുള്ളത്. നേരിയ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ ജയിക്കുന്ന മണ്ഡലത്തിൽ മൂന്നുമുന്നണികളും വലിയ പ്രതീക്ഷയിലാണ്. ബുധനാഴ്ച കലാശക്കൊട്ടോടെ പ്രചാരണം അവസാനിച്ചു. ആർഭാടങ്ങളില്ലാതെ റാലികളും അനൗൺസ്മെന്റും മാത്രമായിട്ടാണ് മുന്നണികൾ കലാശക്കൊട്ട് നടത്തിയത്. പ്രചാരണവും ചെറിയരീതിയിലായിരുന്നു.

തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ വരണാധികാരിയും ലക്ഷദ്വീപ് കളക്ടറുമായ അർജു മോഹൻ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമത 16ന് പരിശോധിച്ചിരുന്നു. ഇന്നലെ ഇവ പോളിംഗ് ബൂത്തുകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. 10 വില്ലേജ് ദ്വീപുകളിലുമായി 55 പോളിംഗ് ബൂത്തുകളാണ് ലക്ഷദ്വീപിലുള്ളത്. രാവിലെ 7.30 മുതൽ വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ്. പൊതുവേ സമാധാനപരമായ തിരഞ്ഞെടുപ്പാണ് ലക്ഷദ്വീപിലേത്. പ്രശ്നബാധിത ബൂത്തുകളൊന്നും ദ്വീപിലില്ലെന്നും കളക്ടർ പറഞ്ഞു.

ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ആന്ത്രോത്ത് ദ്വീപിലാണ്. ഒമ്പത് പോളിംഗ് ബൂത്തുകളുള്ള ഇവിടെ 5,313 പുരുഷന്മാരും 5,355 സ്ത്രീകളും വോട്ടർമാരായുണ്ട്. 136 പുരുഷന്മാരും 101 സ്ത്രീകളും വോട്ടർമാരായുള്ള ബിത്രയിലാണ് ഏറ്റവും കുറവ്.

വോട്ട് ചെയ്യാനായി പഠനത്തിനും ജോലിക്കുമായി വൻകരയിലേക്ക് പോയവർ ദ്വീപിലെത്തിയിട്ടുണ്ട്.
മുഹമ്മദ് ഫൈസലും ഹംദുള്ള സഈദും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ 823 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹംദുള്ള സഈദിനെതിരെ മുഹമ്മദ് ഫൈസൽ വിജയിച്ചത്. 2019ൽ ജെ.ഡി.യു 1342, സി.പി.എം 420, സി.പി.ഐ 143 എന്നിങ്ങനെ വോട്ട് നേടിയിരുന്നു. ഇത്തവണ ഈ പാർട്ടികൾ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടില്ല. ഈ വോട്ടുകൾ എവിടെയെത്തുമെന്നതും നിർണായകമാകും. ബി.ജെ.പിക്ക് ആകെ 125 വോട്ടും നോട്ടയിൽ 100 വോട്ടുമാണ് ലഭിച്ചത്.

ബൂത്തുകൾ- 55

വോട്ട‌ർമാർ- 57,784 വോട്ടർമാർ

സ്ത്രീകൾ- 28,506

പുരുഷന്മാർ- 29,278

സ്ഥാനാർത്ഥികൾ

 കോൺഗ്രസിലെ ഹംദുള്ള സഈദ് (കൈപ്പത്തി)

സിറ്റിംഗ് എം.പി എൻ.സി.പിയിലെ (എസ്) മുഹമ്മദ് ഫൈസൽ (കാഹളം മുഴക്കുന്ന മനുഷ്യൻ)

 എൻ.ഡി.എ പിന്തുണക്കുന്ന എൻ.സി.പി അജിത് പവാർ വിഭാഗത്തിലെ ടി.പി. യൂസുഫ് (ഘടികാരം)

 സ്വതന്ത്രൻ കോയ (കപ്പൽ)