
 ഹൈക്കോടതിയുടെ ഇടപെടൽ തുണയായി
 പുതിയ പാലത്തിന് വേണ്ടത് 30 കോടി
കൊച്ചി: തൃപ്പൂണിത്തുറയിൽ പഴയ ഇരുമ്പുപാലത്തിനു പകരം പുതിയ പാലം നിർമ്മിക്കാനുള്ള പ്രാഥമിക ചെലവിനായി 50 ലക്ഷം രൂപ സർക്കാർ കൈമാറി. സ്ഥലമെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന് തുക കൈമാറിയതായി സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വേനൽ അവധിക്കു ശേഷം ജസ്റ്റിസ് ടി.ആർ. രവി ഹർജി വീണ്ടും പരിഗണിക്കും.
മുക്കോട്ടിൽ ടെമ്പിൾ റോഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ റോയ് തെക്കൻ, കെ.എസ്. ശങ്കരനാരായണൻ എന്നിവരാണ് ഹർജി നൽകിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2022 ൽ പാലം പുനർനിർമ്മിക്കാൻ 30 കോടിയുടെ ഭരണാനുമതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരുടെ ആരോപണം.
കൊച്ചി കോർപ്പറേഷനെയും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം 2019 മാർച്ചിലാണ് അടച്ചത്. ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഇതുവഴി പോകുന്നത്. പൂർണ നദിയുടെ ഭാഗമായ തോട്ടപ്പിള്ളിക്കാട്ട് പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പുപാലത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
മാറ്റിവച്ചത് 4 തവണ
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഇരുമ്പുപാലത്തിന് പകരം പുതിയ പാലം പ്രഖ്യാപിച്ചത്. പുതിയ 26 പാലങ്ങൾക്കൊപ്പമാണ് അന്ന് ഇരുമ്പുപാലവും ഉൾപ്പെടുത്തിയത്. അതിനാൽ ഈ പദ്ധതിക്ക് മാത്രമായി തുക അനുവദിക്കാൻ തടസമുണ്ടായി. കടലാസു ജോലികളിലെ അപാകതകളെ തുടർന്ന് പദ്ധതി നിർദ്ദേശം 4 തവണ മാറ്റിവച്ചു.
പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും ചീഫ് എൻജിനിയർക്കും എക്‌സിക്യുട്ടീവ് എൻജിനിയർക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചത്.
134 വയസ്
കൊച്ചി രാജവംശത്തിന്റെ നേതൃത്വത്തിൽ 1890ലാണ് കാസ്റ്റ് അയണിൽ തീർത്ത ഇരുമ്പുപാലം ക്ഷേത്രനഗരിക്ക് സമർപ്പിച്ചത്. ലണ്ടനിലെ വെസ്റ്റ്‌വുഡ് ബെയ്‌ലി കമ്പനിയാണ് നിർമ്മാണം. വെൽഡിംഗ്, പൈലിംഗ് സാങ്കേതിക വിദ്യയില്ലാതിരുന്ന കാലത്ത് ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചും ഖലാസികളെ വച്ച് തൂണുകൾ സ്ഥാപിച്ചുമാണ് പണിപൂർത്തിയാക്കിയത്. കുതിരവണ്ടികൾക്ക് നദി കടക്കാൻ കഴിയുന്നവിധമായിരുന്നു രൂപകല്പന. ആദ്യകാലത്ത് തൃപ്പൂണിത്തുറ, കൊച്ചി നഗരസഭകളെ പാലം ബന്ധിപ്പിച്ചിരുന്നു.