പെരുമ്പാവൂർ : കോട്ടപ്പടിയിൽ സ്വകാര്യപുരയിടത്തിൽ കാട്ടാന വീണ സംഭവത്തിൽ വനം വകുപ്പ് മന്ത്രി നാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് പത്രങ്ങളിലൂടെ നൽകിയിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആരോപി​ച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ തടി തപ്പാനായി എഴുതി കൊടുക്കുന്നതാണ് പല മറുപടികളും . തൃശൂർ പൂരം എഴുന്നള്ളിപ്പിന് ആനകളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന ഹൈക്കോടതിയുടെ വിധി ന്യായത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്ത് നാട്ടുകാരെ വിഡ്ഢികളാക്കാനുള്ള ശ്രമമാണി​ത്. കിണറ്റിൽ വീണ ആനയ്ക്ക് കണ്ണിനു താഴെ ആഴത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും കാലിൽ എന്തോ തറച്ചിട്ടുണ്ടെന്നും മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു . ഇതിൻറെ നിജസ്ഥിതി പരിശോധിക്കാതെ ആനയെ ജനവാസകേന്ദ്രങ്ങളിലേക്ക് ഓടിച്ചു വിട്ടതും വനംവകുപ്പിന്റെ ഇത്തരത്തിലുള്ള മറുപടികളും ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. . ഭരണഘടനയോട് നീതിപുലർത്താമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത വനംവകുപ്പ് മന്ത്രി രണ്ട് എം.എൽ.എമാരുടെ ഒരേ വിഷയത്തിലുള്ള കത്തിന് വ്യത്യസ്ത തരത്തിലുള്ള മറുപടി നൽകിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും എൽദോസ് കുന്നപ്പള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു .