കൊച്ചി: 287.76 കോടി രൂപ വിലയുള്ള 485.57 കിലോ സ്വർണം, 3.63 കോടിയുടെ വിദേശ സിഗരറ്റ്, 2.56 കോടിയുടെ വിദേശ കറൻസി, 1.26 കോടി വിലമതിക്കുന്ന 56 ഐ ഫോണുകൾ, 52.6 ലക്ഷം രൂപയുടെ 40 കിലോ കുങ്കുമപ്പൂവ്... മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്ത കള്ളക്കടത്തു വസ്തുക്കളാണിവ.
പേസ്റ്റ്, പൊടി രൂപത്തിലാക്കിയായിരുന്നു മുഖ്യമായും സ്വർണക്കടത്ത്.
വിദേശനാണയ വിനിമയനിയമം, കസ്റ്റംസ് ആക്ട് തുടങ്ങിയവ ലംഘിച്ചാണ് 2.56 കോടിയുടെ വിദേശ കറൻസി വിമാനത്താവളങ്ങൾ വഴി കൊണ്ടുവന്നത്. 56 ഐ ഫോണുകളും ഇയർപോഡുകളും പിടിച്ചെടുത്തു. ഇവയ്‌ക്ക് 1.26 കോടിയോളമാണ് വില.
ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) ഉദ്യോഗസ്ഥർക്കൊപ്പമാണ് കസ്റ്റംസ് ഇവ പിടിച്ചെടുത്തത്. തൃശൂരിൽ നിന്ന് സംസ്ഥാന എക്‌സൈസുമായി ചേർന്ന് 4.7 കിലോ കഞ്ചാവും പിടികൂടി.
കള്ളക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരം നൽകിയവർക്ക് 107 കോടി രൂപ സമ്മാനമായി നൽകി.
''രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കള്ളക്കടത്തു തടയാൻ തുടർന്നും ശക്തമായ നടപടികളുമായി മുന്നോട്ടു പോകും.""
കെ. പത്മാവതി
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ