ആലുവ: ആലുവ ഐ.എം.എയ്ക്ക് സമീപം പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ച ക്രോസ് ബാർ വാഹനം ഇടിച്ച് മറിച്ചു. ക്രോസ് ബാറിന്റെ മുകൾ ഭാഗം വേർപ്പെട്ടുപോകുകയും ചെയ്തു. സ്വകാര്യ കൊറിയർ സ്ഥാപനത്തിന്റെ ചരക്കുകൾ കൊണ്ടുപോകുന്ന ഓട്ടോയാണ് ക്രോസ് ബാർ തകർത്തത്.
കഴിഞ്ഞ ദിവസം പകൽ രണ്ട് മണിയോടെയായിരുന്നു സംഭവം. തൂണുകളിൽ നിന്നും വേർപെട്ട മേൽഭാഗം മതിലരികിലേക്ക് മാറ്റിവച്ചതോടെ ഭാരവണ്ടികൾക്ക് സുഗമമായി കടന്നു പോകാം. പൈപ്പ് ലൈൻ റോഡ് നവീകരിച്ചതിനെ തുടർന്ന് ഏതാനും മാസം മുമ്പാണ് ഇരുമ്പ് പൈപ്പിൽ നിർമ്മിച്ച ക്രോസ് ബാർ സ്ഥാപിച്ചത്.
കുറച്ച് ദിവസം മുമ്പ് മറ്റൊരു വാഹനമിടിച്ച് ക്രോസ് ബാർ ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു. പവർ ഹൗസ് റോഡിലെ പൊലീസിന്റെ വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാനും ഇന്ധനലാഭത്തിനുമാണ് ഭൂരിപക്ഷം ഡ്രൈവർമാരും പൈപ്പ് ലൈൻ റോഡ് ഉപയോഗിക്കുന്നത്.
സബ് ജയിൽ റോഡിൽ നിന്ന് ഇ.എസ്.ഐ റോഡിലൂടെ ഇവിടെയെത്തി ജില്ലാ ആശുപത്രി ജംഗ്ഷനിലേക്ക് എത്താം. വിശാലകൊച്ചിയിലേക്ക് പോകുന്ന ഭൂഗർഭ കൂറ്റൻ പൈപ്പുകൾ ഉള്ളതിനാലാണ് പൈപ്പ് ലൈൻ റോഡിലൂടെ ഭാരവണ്ടികൾ നിരോധിച്ചിരിക്കുന്നത്.
ക്രോസ് ബാർ പുന:സ്ഥാപിക്കുമെന്ന് ഉറപ്പ്
കൊറിയർ സ്ഥാപനത്തിന്റെ പ്രതിനിധികൾ വാട്ടർ അതോറിട്ടി ഓഫീസിലെത്തി തകരാറിലായ ക്രോസ് ബാർ സ്വന്തം ചെലവിൽ പുതുക്കിപ്പണിത് നൽകാമെന്ന് ഉറപ്പ് നൽകിയതിനാൽ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ലെന്ന് വാട്ടർ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എൻജിനിയർ ദീപ 'കേരളകൗമുദി'യോട് പറഞ്ഞു.