 
മട്ടാഞ്ചേരി: മൂന്നാംനിലയിലെ ടെറസിന് മുകളിൽനിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീർ - സുമി ദമ്പതികളുടെ മകൾ നിഖിതയാണ് (13) മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
ബന്ധുവായ നാല് വയസുകാരിയോടൊപ്പം കളിക്കുകയായിരുന്നു. കുട്ടി പെട്ടെന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ മറിഞ്ഞ് രണ്ടുപേരും താഴേക്ക് വീഴുകയായിരുന്നു. തലയടിച്ച് വീണ നിഖിതയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് വയസുകാരി പരിക്കുകളോടെ ചികിത്സയിലാണ്. നിഖിത ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ എട്ടാംക്ളാസ് വിദ്യാർത്ഥിനിയാണ്.