chendamangalam-jn-
ചേന്ദമംഗലം കവല

പറവൂർ: സിഗ്നൽ തകരാറുമൂലം നിരന്തരം അപകടങ്ങളുണ്ടാകുന്ന ചേന്ദമംഗലം കവലയിലെ സിഗ്നൽ ലൈറ്റുകൾ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രവർത്തനക്ഷമമാകും. നഗരത്തിലെ ഏറ്റവും തിരക്കേറിയ ചേന്ദമംഗലം കവലയിൽ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനാൽ പലഭാഗത്തേയ്ക്കുള്ള ലൈറ്റുകളും തകരാറിലായി. രാത്രി സമയങ്ങളിൽ നിരന്തരം അപകടങ്ങളും ഗതാഗതക്കുരുക്കും ഇവിടെ പതിവായതോടെയാണ് നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ സിഗ്നൽ ലൈറ്റുകൾ നന്നാക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകളുടെ പരിപാലനം പൊലീസ് വകുപ്പിന്റെ കീഴിലുള്ള റോഡ് സേഫ്ടി​ വിഭാഗത്തിനാണ്. കെൽട്രോണുമായുള്ള കരാറിൽ തുക നൽകാത്തതി​നാലാണ് സിഗ്നൽ ലൈറ്റുകൾ നന്നാക്കാൻ കെൽട്രോൺ വിമുഖത കാട്ടുന്നതത്രെ. പറവൂർ നഗരസഭയ്ക്ക് സിഗ്നൽ ലൈറ്റുകൾ നന്നാക്കാനുള്ള തുക ചെലവഴിക്കാൻ നിയമപരമായി സാധിക്കാതെ വന്നതിനാലാണ് സ്ഥാപനങ്ങളുടെ സഹായത്തോടെ നന്നാക്കുന്നത്.

...................................

കെൽട്രോൺ മുഖേന ഒരാഴ്ചക്കുള്ളിൽ സിഗ്നൽ സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കും.

സജി നമ്പിയത്ത് , പറവൂർ നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ