കൊച്ചി: പ്രചാരണത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ ചാലക്കുടിയിൽ പ്രചാരണം മുറുക്കി മുന്നണികൾ. സ്ഥാനാർത്ഥികളുടെ പൊതുപര്യടനത്തിനൊപ്പം സ്‌ക്വാഡുകൾ വീടുകൾ തോറും കയറിയിറങ്ങി വോട്ടുറപ്പിക്കുകയാണ്. ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങളും പ്രചാരണത്തിന് കൊഴുപ്പുകൂട്ടുന്നുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് ചാലക്കുടിയിൽ പര്യടനം നടത്തി. നഗരസഭ, കാടുകുറ്റി, കൊരട്ടി, പരിയാരം, കൊടശേരി, കൊടകര, മേലൂർ പഞ്ചായത്തുകളിൽ തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർത്ഥിക്ക് വരവേല്പ് ലഭിച്ചു.
മുൻ എം.എൽ.എ ബി.ഡി ദേവസി, എൽ.ഡി.എഫ് നേതാക്കളായ യു.പി. ജോസഫ്, സി.കെ അഷറഫ്, കെ.എസ്. അശോകൻ, സി.കെ ശശി, അഡ്വ. പി.ഐ. മാത്യു, ഡെന്നിസ് കെ. ആന്റണി, ജോസ് പൈനാടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
യു.ഡി,.എ സ്ഥാനാർത്ഥി ബെന്നി ബഹനാൻ ആലുവയിൽ പര്യടനം നടത്തി. ചൂണ്ടിയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലുവ ടൗൺ, ചൂർണിക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തി. ലത്തീഫ് തുഴിത്തറ, ജെബി മേത്തർ എം.പി., അൻവർ സാദത്ത്ത് എം.എൽ.എ., ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് മണ്ഡലം കൺവീനർ എം.കെ ലത്തീഫ് തുടങ്ങിയവ അനുഗമിച്ചു. ഇന്ന് പട്ടിമറ്റം ബ്ലോക്കിൽ പര്യടനം നടത്തും.
ചാലക്കുടി മണ്ഡലത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്‌ണൻ പര്യടനം നടത്തിയത്. ചെറുകുന്നിൽ ആരംഭിച്ച പര്യടനം ആഴകം, മേച്ചിറ, വെറ്റിലപ്പാറ, പരിയാരം, കൂടപ്പുഴ, കാടുകുറ്റി, ചിറങ്ങര, കോന്നൂർ വഴി കൊരട്ടി സെന്ററിലാണ് സമാപിച്ചത്. എൻ.ഡി.എ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കി.
ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി ചാർളി പോളിന്റെ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡല പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. ആദ്യ രണ്ടുഘട്ട പര്യടനങ്ങളിലും പ്രതീക്ഷാനിർഭരമായ സ്വീകരണമാണ് ലഭിച്ചതെന്ന് ചാർളി പോൾ പറഞ്ഞു.