ചോറ്റാനിക്കര: മണീട് പഞ്ചായത്തിലെ ഏഴക്കരനാടിന് സമീപം വെട്ടിത്തറയിൽ പുഴയുടെ വശങ്ങൾകെട്ടി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കരിങ്കല്ല് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഏലപ്പാറ സ്വദേശി വേണു (55), വെൺമണി സ്വദേശി രാജൻ (50) എന്നിവരാണ് ഇന്നലെ രാവിലെ അപകടത്തിൽപ്പെട്ടത്. ഇരുവരെയും മുളന്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
ആറടിയോളം താഴ്ചയുള്ള ട്രഞ്ചിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് തൊഴിലാളികളുടെ കഴുത്തുവരെ മൂടിയ നിലയിലായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയവർ ഒരാളെ രക്ഷപ്പെടുത്തുന്നതിനിടെ സംഭവമറിഞ്ഞ് ഫയർഫോഴ്സെത്തി. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
രണ്ടാമത്തെ തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും എത്തിയത് രക്ഷാദൗത്യം വേഗത്തിലാക്കി. മുളന്തുരുത്തി അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർമാരായ യു. ഇസ്മയിൽഖാൻ, വി.പി. സുനിൽ, സേനാംഗങ്ങളായ ബൈജു കെ.ഡി, അനിൽകുമാർ, ജിജോ, വിഷ്ണു, അനീഷ് പി. ആർ, ഷാജൻ തോമസ്, സുരേഷ്‌കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.