മൂവാറ്റുപുഴ: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കടാതി പള്ളിത്താഴത്ത് കാറും ലോറിയും കൂട്ടിയിടിച്ചു. മൂവാറ്റുപുഴയിൽ നിന്ന് പെട്രോൾ ഇറക്കി കോലഞ്ചേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കർലോറിയും കോലഞ്ചേരിയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് വരുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ ഉണ്ടായ അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.കാറിലുണ്ടായിരുന്ന മൂന്നു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശവാസികൾ പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തിയാണ് റോഡിലെ ഓയിലും അപകടത്തിൽ തകർന്ന കാറിന്റെ ഭാഗങ്ങളും റോഡിൽ നിന്ന് നീക്കം ചെയ്തത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.