കൊച്ചി: കനത്ത ചൂടിനിടയിലും എറണാകുളത്തെ പ്രചാരണാവേശത്തിന് തെല്ലും കുറവില്ല. പൊതുപര്യടനമാണ് പുരോഗമിക്കുന്നത്. രാവിലെ മുതൽ വിവിധ സ്വീകരണ പോയിന്റുകളിൽ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. പാർട്ടികളുടെ ശക്തി കേന്ദ്രങ്ങളായ സ്ഥലങ്ങളിലാണ് ആവേശം കൂടുതൽ. ചൂടിൽ വിയർക്കുമ്പോഴും ആവേശത്തിന് കുറവില്ല. ചൂട് വലിയ വെല്ലുവിളിയാകുമ്പോൾ ചില ദിവസങ്ങളിൽ രണ്ട് കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചകളുമുണ്ട് കൂട്ടത്തിൽ.


തിളങ്ങാൻ ഷൈൻ.....


എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ പര്യടനം ഇന്നലെ എറണാകുളം മണ്ഡല പൊതുപര്യടനത്തിലായിരുന്നു. പുതുക്കലവട്ടത്ത് പ്രൊഫ.കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.

എളമക്കര നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പുതുക്കലവട്ടം പള്ളി, പുന്നയ്ക്കൽ, പാടം, പേരണ്ടൂർ ജംഗ്ഷൻ എളമക്കര സൗത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കായിപ്പിള്ളി, താന്നിക്കൽ അമ്പലം, യുവകലാതരംഗ്, കീർത്തിനഗർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

കലൂർ, എറണാകുളം നോർത്ത്, തട്ടാളം, പച്ചാളം, വടുതല ലോക്കൽ കമ്മിറ്റികൾ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും സ്വീകരണമുണ്ടായിരുന്നു. കലാപരിപാടികൾ, ബൈക്ക് റാലികൾ എന്നിവ അകമ്പടിയായി.

തുടരാൻ ഹൈബി....

യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിലാണ്ഇന്നലെ പര്യടനം നടത്തിയത്. പള്ളിപ്പുറം കടപ്പുറം സെന്റ്. സെബാസ്റ്റ്യൻ കപ്പേളയ്ക്ക് സമീപത്ത് നിന്നാണ് വാഹന പര്യടനം ആരംഭിച്ചത്. മുനമ്പം പുലിമുട്ട്, ഫിഷിംഗ് ഹാർബർ എന്നിവിടങ്ങളിൽ നൂറുകണക്കിന് നാട്ടുകാരാണ് ഹൈബിയെ സ്വീകരിക്കാനെത്തിയത്. പള്ളിപ്പുറം സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മുപ്പതോളം കേന്ദ്രങ്ങളിലാണ് സ്വീകരണം നൽകിയത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തുടരാൻ ഒപ്പമുണ്ടാകണമെന്നും അഭ്യർത്ഥിച്ചായിരുന്നു പര്യടനം.


തിരക്കിട്ട പര്യടനത്തിൽ കെ.എസ്. രാധാകൃഷ്ണൻ

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും മറ്റ് മുന്നണികൾ ഒന്നിലേറെത്തവണ ഓടിയെത്തിയ ഇടങ്ങളിൽ ഉൾപ്പെടെ ശക്തമായ സാന്നിദ്ധ്യമറിയിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ. പള്ളുരുത്തി മണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നലത്തെ പര്യടനം. രാവിലെ പെരുമ്പടപ്പിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

വൈകിട്ട് കരുമാല്ലൂർ മണ്ഡലത്തിലായിരുന്നു വാഹന പര്യടനം. മാഞ്ഞാലിയിൽ നിന്ന് ആരംഭിച്ച പര്യടനം കോട്ടപ്പുറത്തു സമാപിച്ചു.