ആലുവ: കടുങ്ങല്ലൂർ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു. പാപ്പാന്മാർ ചേർന്ന് ഇരുമ്പ് കുറ്റിയിൽ കെട്ടിയിട്ട ആന 'ഊട്ടോളി മഹാദേവനാണ്' ചങ്ങലപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തൃശൂരിൽനിന്ന് എലിഫെന്റ് സ്ക്വാഡെത്തി ക്യാച്ചർ ഉപയോഗിച്ച് ആനയെ തളച്ചു.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. രാവിലെ മൂന്ന് ആനകൾക്കൊപ്പം ശ്രീബലി എഴുന്നള്ളത്തിൽ അണിനിരന്നെങ്കിലും മദപ്പാടുകളൊന്നും കാണിച്ചിരുന്നില്ല. ഉച്ചയ്ക്ക് ശേഷമുള്ള ചടങ്ങുകൾക്കായി ആനയെ അടുപ്പിക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രവളപ്പിൽനിന്ന് ആളുകളെ ഒഴിപ്പിച്ചശേഷം പാപ്പാന്മാർ ചേർന്നാണ് ഇരുമ്പ് കുറ്റിയിൽ ആനയെ തളച്ചത്. എന്നാൽ ആന ചങ്ങല പൊട്ടിച്ചതോടെ ഏവരും ആശങ്കയിലായി. പാപ്പാന്മാരെയും ആന ആക്രമിക്കാൻ മുതിർന്നു. തുടർന്നാണ് എലിഫന്റ് സ്ക്വാഡിനെ വിളിച്ചുവരുത്തിയത്.
ഇന്ന് രാവിലെ ഒമ്പത് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ് നിശ്ചയിച്ചിട്ടുണ്ട്. വൈകിട്ട് നാലിന് പകൽപ്പൂരരവും നടക്കും. നാളെ രാവിലെ 6.30 നും ഏഴിനും മദ്ധ്യേ കൊടിയിറക്കം.10ന് ആറാട്ടുസദ്യ, വൈകിട്ട് 3.30ന് ആറാട്ടിനെഴുന്നള്ളിപ്പ്. ഏഴിന് പെരിയാറിൽ ആറാട്ട്, രാത്രി എട്ടിന് ഗാനസന്ധ്യ.