shibinshaji
ഷബിൻ ഷാജി

കൊച്ചി: 'മഞ്ഞുമ്മൽ മച്ചാൻ' എന്ന ലഹരിസംഘത്തിലെ പ്രധാനിയായ മർച്ചന്റ് നേവി വിദ്യാർത്ഥിയേയും സുഹൃത്തിനേയും മയക്കുമരുന്നുമായി എക്‌സൈസ് പിടികൂടി. ഏലൂർ മഞ്ഞുമ്മൽ സ്വദേശി ആശാരിപറമ്പിൽ വീട്ടിൽ ഷബിൻ ഷാജി (26), ആലുവ ചൂർണിക്കര അമ്പാട്ടുകാവ് കരയിൽ, വെളുത്തേടത്ത് വീട്ടിൽ അക്ഷയ് വി.എസ് (27) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ഐസ് മെത്ത് എന്ന വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു.

akshay
അക്ഷയ്. വി.എസ്

രാജസ്ഥാനിൽ മർച്ചന്റ് നേവി കോഴ്‌സ് ചെയ്യുന്ന ഷബിൻ അവിടെവച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയിൽനിന്ന് തുച്ഛമായ വിലയ്ക്ക് മയക്കുമരുന്ന് വാങ്ങി കളമശേരി, ഏലൂർ, മഞ്ഞുമ്മൽ ഭാഗങ്ങളിൽ വില്പന നടത്തി വരികയായിരുന്നു. രണ്ടാഴ്ച മുമ്പ് വൈറ്റില ചക്കരപ്പറമ്പിൽനിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും മൂന്നുകിലോ കഞ്ചാവും 18 നൈട്രോസെപാം ഗുളികകളുമായി രണ്ടുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിൽ നിന്നാണ് 'മഞ്ഞുമ്മൽ മച്ചാൻ' സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

തുടർന്ന് ഇവരുടെ ഫോൺകോൾ വിവരങ്ങളും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളും സൂക്ഷ്മമായി പരിശോധിച്ച് നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചാണ് വലയിലാക്കിയത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെ മഞ്ഞുമ്മൽ കടവ് ഭാഗത്ത് മയക്കുമരുന്ന് കൈമാറാൻ എത്തിയ ഇരുവരും എക്‌സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടി കൂടുകയായിരുന്നു. പിടിയിലായ സമയം അക്രമാസക്തനായ ഷബിൻ ഷാജി കൈവശം ഉണ്ടായിരുന്ന മയക്ക്മരുന്ന് വിഴുങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല.