
തൃപ്പൂണിത്തുറ: കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി ഫണ്ടിൽ തൃപ്പൂണിത്തുറ നഗരസഭ ചെലവാക്കിയത് 56.28 ശതമാനം മാത്രം. സംസ്ഥാനത്തെ 87 നഗരസഭകളിൽ 80-ാം സ്ഥാനത്താണ് നഗരസഭ. സർക്കാർ അനുവദിച്ച 16.31 കോടി രൂപയിൽ 9.18 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. നഗരസഭയിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട 7.13 കോടി രൂപ പാഴാക്കി.
തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന തൃക്കാക്കര നഗരസഭ 47.88 ശതമാനമാണ് വിനിയോഗിച്ചിട്ടുള്ളത്. സംസ്‌ഥാനത്ത് കരുനാഗപ്പള്ളി, മാനന്തവാടി, നിലമ്പൂർ, വടക്കാഞ്ചേരി, പാനൂർ, ശ്രീകണ്ഠപുരം നഗരസഭകളാണ് മറ്റ് പിന്നിലുള്ള തദ്ദേശ സ്ഥാപനങ്ങൾ. ബില്ലുകൾ നൽകിയിട്ടും പാസായില്ലെന്നാണ് നഗരസഭാ അധികൃതരുടെ വാദം.
'നഗരസഭ ഭരിക്കുന്നവരുടെ കെടുകാര്യസ്ഥതയാണ് ഫണ്ട് ലാപ്സാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണമെന്ന് തൃപ്പൂണിത്തുറ നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് പി.കെ. പീതാംബരൻ പറഞ്ഞു.
മരടിന് നേട്ടം
യു.ഡി.എഫ് ഭരിക്കുന്ന സമീപ നഗരസഭയായ മരട് നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനം നിലനിറുത്തി. 8.38 കോടി പദ്ധതി ഫണ്ട് വിഹിതത്തിൽ 7.03 കോടി വിനിയോഗിച്ച് 83.89 ശതമാനമെന്ന അഭിമാനാർഹമായ നേട്ടമാണ് മരട് കൈവരിച്ചത്. കഴിഞ്ഞ തവണ ഫണ്ട് വിനിയോഗത്തിൽ മരട് നഗരസഭ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ഇക്കുറി സമയ പരിധിക്കുള്ളിൽ സമർപ്പിച്ചിരുന്ന ജനറൽ വിഭാഗത്തിലെ 62 പ്രൊജക്ടുകളിലെ 82,83,181 രൂപയുടെയും എസ്.സി വിഭാഗത്തിലെ 7 പ്രോജക്ടുകളിലായി 55,03,818 രൂപയുടെയും ബില്ലുകൾ ട്രഷറിയിൽ നിന്ന് മാറ്റി നൽകിയിരുന്നെങ്കിൽ 100 ശതമാനം നേടിയാണ് നേട്ടമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ പറഞ്ഞു.