പെരുമ്പാവൂർ: ബി.ജെ.പി. വീണ്ടും അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കി കണക്കാക്കുമെന്നും ഹിന്ദുരാഷ്ട്രം കൊണ്ടുവരാൻ ശ്രമിക്കുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് . ചാലക്കുടിയി​ലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ചെമ്പറക്കിയിലെ തി​രഞ്ഞെടുപ്പ് യോഗത്തി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംബാനിയും അദാനിയും പോലുള്ള അതിസമ്പന്നരെ പ്രീണിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. പ്രതിവർഷം രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ഇപ്പോൾ സൃഷ്ടിക്കുന്നത് തൊഴിലില്ലായ്മയാണ്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും പ്രത്യയശാസ്ത്രപരമായോ രാഷ്ട്രീയമായോ നേരിടാനുള്ള ശക്തി കോൺഗ്രസിനില്ല. മൃദുഹിന്ദുത്വ നിലപാടാണ് അവരുടേത്.

ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ പോരാട്ടം രാജ്യത്ത് വിജയിക്കണമെങ്കിൽ ഇടതുപക്ഷം തന്നെ വേണം. ബി.ജെ.പിക്കെതിരെ പ്രത്യയശാസ്ത്രപരമായി ഇടപെടുന്നത് ഇടതുപക്ഷമാണ്.

സി.പി.എം പ്രകടനപത്രികയിൽ പറയുന്നത് സി.എ.എ പോലുള്ള ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്നാണ്. എന്നാൽ കോൺഗ്രസ് ഇതേപ്പറ്റി മൗനം പാലിക്കുന്നു എന്നതാണ് വസ്തുത. ഫെഡറലിസത്തെ ഇല്ലാതാക്കുന്ന നയമാണ് ബി.ജെ.പിയുടേത്. അതിന്റെ ഉദാഹരണമാണ് കേരളം. ഗവർണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തിൽ ഇടപെടുന്നു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള വികസനം നടപ്പിലാക്കുന്ന ബദൽ വികസന നയം ഇടതുപക്ഷം മുന്നോട്ടു വച്ചിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ, സാമൂഹ്യ ക്ഷേമ രംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ ലോക്കൽ സെക്രട്ടറി സേതു ദാമോധരൻ അദ്ധ്യക്ഷനായി. പി.വി ശ്രീനിജിൻ എം.എൽ.എ, സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. പുഷ്പദാസ്, സി.ബി ദേവദർശനൻ, ഏരിയ സെക്രട്ടറിമാരായ സി.കെ വർഗീസ്, സി.എം അബ്ദുൽ കരീം, ജനതാദൾ എസ് ജില്ല പ്രസിഡന്റ് ജബ്ബാർ തച്ചയിൽ തുടങ്ങിയവർ പങ്കെടുത്തു.