കൊച്ചി: വടകരയിലെ 264 പ്രശ്നബാധിത ബൂത്തുകളിലായിഏഴ് കമ്പനി കേന്ദ്രസേനയെ നിയോഗിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. കള്ളവോട്ടും ബൂത്തുപിടിത്ത സാദ്ധ്യതയും തടയാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് കെ. പ്രവീൺകുമാർ സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം. പ്രശ്നബൂത്തുകളിൽ വെബ്കാസ്റ്റിംഗും സൂക്ഷ്മനിരീക്ഷകരുടെ സേവനവുമുണ്ടാകും. പൊലീസ് സുരക്ഷയുമുണ്ടെന്ന് കമ്മിഷൻ അറിയിച്ചു. വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഹർജി തീർപ്പാക്കി. ഹർജിക്കാരനായി അഡ്വ. ജോർജ് പൂന്തോട്ടം ഹാജരായി.