മൂവാറ്റുപുഴ: ആറ് പതിറ്റാണ്ടായി നഗരത്തിന്റെ മുഴുവൻ മാലിന്യവും പേറുന്ന ഈസ്റ്റ് കടാതിയിലെ വളക്കുഴി ഡംബിംഗ് യാർഡിൽ ബയോ മൈനിംഗ് ആരംഭിക്കുന്നതിനുളള കൂറ്റൻ യന്ത്ര സാമഗ്രികൾ നാഗ്പൂരിൽ നിന്ന് എത്തിച്ചു. നാഗ്‌പൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒന്നിന് മൈനിംഗ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രദേശ വാസികളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ വളക്കുഴിയിൽ ബയോ മൈനിംഗ് ആരംഭിക്കേണ്ടതുളളു എന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിലപാട് എടുത്തു. ഇതിനായി വിവിധ ഘട്ടങ്ങളായി പ്രദേശ വാസികളുടെ യോഗം ചേർന്നു. ഇതോടൊപ്പം ബോധവത്ക്കരണവും ഊർജിതമാക്കി. ബയോ മൈനിംഗ് ആരംഭിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് സമീപ വാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൈനിംഗിനിടെ ഉണ്ടാകാൻ ഇടയുളള ദുർഗന്ധം, പ്രാണികളുടെ ശല്യം, പൊടി എന്നിവയെ പ്രതിരോധിക്കാൻ മുന്നൊരുക്കങ്ങൾ നടത്തണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ നിർദേശം നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
യന്ത്ര സാമഗ്രികൾ എത്തിച്ചതോടെ ദിവസങ്ങൾക്കകം വളക്കുഴിയിൽ ബയോ മൈനിംഗ് ആരംഭിക്കും. വിജയകരമായി പൂർത്തിയാക്കാനായാൽ ഖരമാലിന്യ സംസ്കരണ രംഗത്ത് ബഹുദൂരം മുന്നേറാൻ മൂവാറ്റുപുഴ നഗരസഭക്ക് ആകും.
നാട്ടുകാരുടെ ആശങ്ക പരിഹരിക്കും
പൊടി കുറയ്ക്കാൻ വെള്ളം പമ്പ് ചെയ്യും ഗ്രീൻ നെറ്റ് ഉപയോഗിച്ച് യാർഡ് മറയ്ക്കും ദുർഗന്ധനാശിനികൾ ഉപയോഗിക്കും ഗതാഗത സൗകര്യങ്ങൾ തടസ
പെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കും
അനുവദിച്ച തുക 10.82 കോടി രൂപ
ഡംബിംഗ് യാർഡ്
ആകെ 4.5 ഏക്കർ വിസ്തൃതി
ഭൂനിരപ്പിനു മുകളിൽ 31995 ക്യൂബിക് മീറ്ററും താഴെ 55905 ക്യുബിക് മീറ്ററും മാലിന്യം
ആകെ മാലിന്യം 44589.18 മെട്രിക് ടൺ