കൊച്ചി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 1.78 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ തമ്മനത്ത് വിദേശജോലി റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിവരുന്ന ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. കാനൻ ഇന്റർനാഷണൽ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപത്തിന്റെ ഉടമ കണ്ണൻ തങ്കപ്പൻ, ഭാര്യ ജെൻസി ദേവസി എന്നിവർക്കെതിരെയാണ് കേസ്. കുമ്പളങ്ങി സ്വദേശിയായ 41കാരന്റെ പരാതിയിലാണ് നടപടി. ആറ് മാസത്തിനുള്ളിൽ വർക്ക് വിസ ഉറപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് 2020ലാണ് പ്രതികൾ പണം കൈക്കാലാക്കിയത്. ആദ്യം ഒന്നര ലക്ഷം രൂപയും പിന്നീട് 1.75ലക്ഷവും കൈമാറി. മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് തട്ടിപ്പിൽ കുരുങ്ങിയതായി 41കാരൻ തിരിച്ചറിഞ്ഞത്. പിന്നീട് പ്രതികൾ ഒന്നര ലക്ഷം തിരികെ നൽകി. ബാക്കി തുക ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.