 
നെടുമ്പാശേരി: കുളവാഴകളും മാലിന്യങ്ങളും നിറഞ്ഞതിനെ തുടർന്ന് നീരൊഴുക്കു നിലച്ച ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ ചെങ്ങൽത്തോട് നാശത്തിന്റെ വക്കിലായി. ഇതോടെ പരിസരപ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം ലഭിക്കാതെ കർഷകരും കിണറുകളിൽ ഉറവയില്ലാതെ നാട്ടുകാരും ദുരിതത്തിലായി.
ചെങ്ങമനാട് - കോട്ടായി റോഡിൽ പനയക്കടവ് പാലത്തിന് സമീപം ചെങ്ങൽത്തോട് കണ്ടാൽ ഒരു പക്ഷെ ആളുകൾ പൂന്തോട്ടമാണെന്ന് സംശയിക്കും. കരയും തോടും തിരിച്ചറിയാത്ത വിധം തോട്ടിൽ കുളവാഴകൾ പൂ വിടർത്തി നിൽക്കുകയാണ്. പെരിയാറിന്റെ കൈവഴിയിൽപ്പെട്ട ചെങ്ങൽത്തോടിന്റെ പ്രധാന കൈവഴിയാണിത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പെരിയാറുമായി ബന്ധപ്പെട്ട് തെളിനീരൊഴുകിയ തോടാണിത്. അക്കാലത്ത് മേഖലയിൽ ജല അതോറിറ്റിയും, ഇറിഗേഷനും ജലസേചന സംവിധാനം ഒരുക്കിയിരുന്നത് ചെങ്കൽത്തോടിനെ ആശ്രയിച്ചായിരുന്നു. പ്രശ്‌നം സങ്കീർണമായതോടെ നിയമനടപടികൾക്കും പ്രക്ഷോഭ സമരപരിപാടികൾക്കും ഒരുങ്ങുകയാണ് പ്രദേവാസികൾ.
നവീകരണം നിലച്ചിട്ട് വർഷങ്ങൾ
വിഷയം നിയമസഭയിൽ ഉയരുകയും ജനങ്ങൾ പ്രതിഷേധവുമായും രംഗത്തിറങ്ങിയതോടെയും നേരത്തെ യഥാസമയങ്ങളിൽ മാലിന്യം നീക്കി തോട് നവീകരിച്ചിരുന്നു. പിന്നീട് നിശ്ചലമായി. അധികൃതർ തോട് നവീകരണം മറന്ന മട്ടിലാണ്. വേനൽ രൂക്ഷമായതോടെ ജലസേചന പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ തോട്ടിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്.
വിമാനത്താവളം പാരയായി
ചെങ്കൽത്തോട് നാശത്തിലായത് നെനെടുമ്പാശേരി വിമാനത്താവളത്തിന്റെ വരവോടെ തോട് രണ്ടായി മുറിച്ചതോടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഒഴുക്ക് നിലച്ചു മാലിന്യം നിറഞ്ഞും വശങ്ങളിടിഞ്ഞും തോട് നിശ്ചലമായി 12 കിലോമീറ്ററോളം കടവുകളും ജലസേചന സംവിധാനങ്ങളും ഇല്ലാതായി കുടിവെള്ള ക്ഷാമവും കാർഷിക പ്രതിസന്ധികളും ഉടലെടുത്തു ജല അതോറിറ്റിയുടെ ഇറിഗേഷൻ പദ്ധതികളും അവതാളത്തിൽ