ആലുവ: ആലുവ ഹെഡ് പോസ്റ്റോഫീസിൽ നിന്നും ജോലിക്കിടെ കാണാതായ അസി. പോസ്റ്റ്മാസ്റ്റർ ആലുവ മുപ്പത്തടം കണ്ണിക്കൽ വീട്ടിൽ കെ.ജി. ഉണ്ണികൃഷ്ണ(53)നെ ഓഫീസിന് പിന്നിലെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ ഗോഡൗണിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴയ ഫയലുകൾ സൂക്ഷിക്കുന്ന തട്ടിനടിയിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ജോലിക്ക് ഹാജരായ ഉണ്ണികൃഷ്ണനെ 11 മണി മുതലാണ് കാണാതായത്. തുടർന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും ഉറക്ക ഗുളികകൾ കണ്ടെത്തി. കാണാതായപ്പോൾ സഹപ്രവർത്തകർ ഗോഡൗണിലും തിരഞ്ഞിരുന്നു. മരിക്കുന്നതിന് മുമ്പേ കിടക്കുന്ന ഭാഗത്ത് ബോധപൂർവം കാർഡ് ബോർഡ് വച്ച് മറച്ചിരുന്നു.
എയർഫോഴ്സിൽ നിന്നും വിരമിച്ചതിനെ തുടർന്ന് 10 വർഷം മുമ്പാണ് പോസ്റ്റോഫീസിൽ ജോലിയിൽ പ്രവേശിച്ചത്. കുറച്ചുനാളായി ഉണ്ണികൃഷ്ണൻ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ: മായാദേവി. മക്കൾ: വിമൽ കൃഷ്ണ, വിസ്മയ, വിജയ്.