കൊച്ചി: പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ബി.ജെ.പിയെ സഹായിക്കാനുള്ളതാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് സി.പി.എം ചോദിച്ചിട്ടില്ലെന്ന് എറണാകുളം പ്രസ്‌ക്ലബി​ന്റെ വോട്ട് ആൻഡ് ടോക് പരിപാടിയിൽ അവർ പറഞ്ഞു.

കേരളത്തിൽ ബി.ജെ.പിയെ എതിർക്കുന്നത് എൽ.ഡി.എഫ് ആണ്. കേന്ദ്ര സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനെതിരെ കേരളം ഡൽഹിയിലടക്കം നടത്തിയ പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുകയായിരുന്നില്ല വേണ്ടത്. കേരളത്തിൽ ഇ.ഡി ഇതിന് മുമ്പ് അന്വേഷിച്ച കേസുകളിൽ ഫലം വട്ടപ്പൂജ്യമായിരുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണ് ബി.ജെ.പി കേരളത്തെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നത്. ഇലക്ടറൽ ബോണ്ടിൽ തെളിഞ്ഞത് ബി.ജെ.പിയുടെ അഴിമതിയാണെന്നും രാജ്യത്തെ ഏറ്റവും വലിയ അഴിമതി പാർട്ടിയാണ് ബി.ജെ.പിയെന്നും അവർ ആരോപിച്ചു.

വടകരയിലെ എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെ നടക്കുന്നത് തരംതാഴ്ന്ന സൈബർ ആക്രമണമാണെന്നും ഇത്തരം അധിക്ഷേപങ്ങൾക്ക് വടകരയിലെ ജനങ്ങളും സ്ത്രീകളും മറുപടി നൽകുമെന്നും വൃന്ദ പറഞ്ഞു.