ആലുവ: പൂരവും മേളവുമെല്ലാം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് ഇന്നലെ തൃശൂർ പൂരം ഒഴിവാക്കി പര്യടന തിരക്കിലായിരുന്നു. പൂരത്തിന് പതിവായി വടക്കുനാഥനിലെത്തുന്നയാളാണ് അദ്ദേഹം. പ്രചാരണ തിരക്കിലമർന്ന് ഇന്നലെ അദ്ദേഹം പ്രധാനമായും ചെലവഴിച്ചത് ആലുവയിലാണ്.

ആലുവ നഗരസഭ, കീഴ്മാട്, ആലുവ, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലായിരുന്നു പര്യടനം. രാവിലെ എട്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കീഴ്മാട് പഞ്ചായത്തിലെ ചാലക്കൽ മോസ്കോ കവലയിലായിരുന്നു തുടക്കം. അമ്പലപറമ്പിൽ ചെണ്ട മേളത്തോടെയാണ് സ്വീകരണം. രാത്രി കുഞ്ചാട്ടുകരയിലാണ് പര്യടനം അവസാനിച്ചത്. എൽ.ഡി.എഫ് നേതാക്കളായ കെ.കെ.അഷറഫ്, എ.കെ നസീർ , അഡ്വ. വി. സലീം, എ.പി.ഉദയകുമാർ, കെ.എം.എ.ജലീൽ അശോക് കുമാർ അനുഗമിച്ചു.

ഇന്ന് അങ്കമാലിയിലാണ് പര്യടനം. മുനിസിപ്പാലിറ്റി, പാറക്കടവ്, മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്തുകളിൽ രവീന്ദ്രനാഥിന് സ്വീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പട്ടിമറ്റത്ത് ബെന്നി ബഹനാന്റെ പര്യടനം

യു.ഡി.ഫ്. സ്ഥാനാർഥി ബെന്നി ബഹനാന്റെ ഇന്നലത്തെ പര്യടനം പട്ടിമറ്റം ബ്ലോക്കിലായിരുന്നു. രാവിലെ 7.30ന് മൂണേലി മുകളിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐരാപുരം, മഴുവന്നൂർ, കിഴക്കമ്പലം, നോർത്ത് വഴക്കുളം, സൗത്ത് വാഴക്കുളം എന്നിവിടങ്ങളിലെത്തിയ ശേഷം പള്ളിക്കവലയിൽ സമാപിച്ചു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചവരെയുള്ള പര്യടന പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം അന്നമനട, കുഴൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി എത്തും.

പ്രചരണം ശക്തമാക്കി ട്വന്റി20

ട്വന്റി 20 സ്ഥാനാർത്ഥി​ അഡ്വ. ചാർളി പോൾ ഇന്നലെ കൊടുങ്ങല്ലൂരി​ലായി​രുന്നു. പോളിംഗ് അടുത്തതോടെ പ്രചാരണം ശക്തമാക്കുകയാണ് ട്വന്റി​20 സ്ഥാനാർത്ഥി​. ഇന്നലെ രാവിലെ 9.30 ന് അന്നമനട ബസ് സ്റ്റാൻഡിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര വെളളാങ്ങല്ലൂരിലാണ് സമാപിച്ചത്.