കോലഞ്ചേരി: രാജ്യം രാഷ്ട്രീയമായ വലിയ പ്രതിസന്ധികൾ നേരിടുമ്പോൾ കേരളം രാജ്യത്തിന്റെ നേതാവായി മാറാറുണ്ടെന്നും ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് ശരിയായ പാതയൊരുക്കാൻ കേരളത്തിന് കഴിയണമെന്നും സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുന്നത്തുനാട് മണ്ഡലത്തിലെ പട്ടിമറ്റത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളായ മതനിരപേക്ഷത, സാമ്പത്തിക സ്വാതന്ത്റ്യം, ഫെഡറലിസം, സാമൂഹ്യ നീതി എന്നിവയെ തകർക്കുന്ന സമീപനമാണ് കഴിഞ്ഞ 10 വർഷമായി ബി.ജെ.പിയും ആർ.എസ്.എസും ചെയ്യുന്നത്. ഇതിനായി , പാർലമെന്റ്, അന്വേഷണ ഏജൻസികൾ തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായും രാഷ്ട്രീയമായും ഇല്ലാതാക്കാനുള്ള ബി.ജെ.പി നയം ഇടതുപക്ഷം അംഗീകരിക്കില്ല.
എന്നാൽ യു.ഡി.എഫ് ചെയ്യുന്നത് ഡൽഹി, ജാർഖണ്ഡ് മുഖ്യമന്ത്റിമാരെ അറസ്റ്റ് ചെയ്തപോലെ പിണറായി വിജയനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന പ്രചാരണം ഉയർത്തുകയാണ്. ഇന്ത്യ മുന്നണിയിലുള്ള യു.ഡി.എഫിന്റെ ഈ നയം ഏറെ ഞെട്ടിക്കുന്നതാണ്. ജനങ്ങൾ ഇതിന് മറുപടി നൽകണം.
ബി.ജെ.പി തിരഞ്ഞെടുപ്പ് ബോണ്ട് സ്വീകരിച്ചത് മൂന്ന് വിധത്തിലായിരുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കൊള്ള സംഘങ്ങളെ പോലെ കമ്പനികളെ ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. രാജ്യത്തിന്റെ സമ്പത്തിനെ മുഴുവൻ സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുത്ത് പകരം ബോണ്ടുകൾ വാങ്ങി. കൂടാതെ നഷ്ടത്തിലുള്ള കമ്പനികൾ ആയിരക്കണക്കിന് കോടി രൂപയുടെ ബോണ്ടുകളാണ് നൽകിയതെന്ന് യെച്ചൂരി പറഞ്ഞു.