കൊച്ചി: ജനാഭിമുഖ കുർബാന ലിറ്റർജിക്കൽ വേരിയന്റായി അംഗീകരിച്ചു തരുകയോ അതിരൂപതയെ മെത്രാൻ സിനഡിൽ നിന്നു വേർപെടുത്തി മാർപാപ്പയുടെ കീഴിൽ മറ്റൊരു മെത്രാപ്പൊലീത്തൻ സഭയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അങ്കമാലി അതിരൂപതയിലെ വൈദികർ. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ വിളിച്ച യോഗത്തിലാണ് വൈദികർ ഈ ആവശ്യം മുന്നോട്ടുവച്ചത്. അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള കർമപദ്ധതി വത്തിക്കാനിൽ അവതരിപ്പിക്കുന്നതിനായായിരുന്നു വൈദികയോഗം വിളിച്ചത്. അതിരൂപതയിലെ പള്ളികൾ മുൻസിഫ് കോടതികളിലെ ഉത്തരവ് വഴി പൂട്ടിക്കാൻതക്കവിധം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ നൽകിയ സത്യവാങ്മൂലം തിരുത്തി നൽകണമെന്നും മാർ ബോസ്‌കോ പുത്തൂരിനോട് വൈദികർ ഒന്നടങ്കം ആവശ്യപ്പെട്ടു. ഏകീകൃത കുർബാന ഘട്ടം ഘട്ടമായി നടപ്പാക്കാൻ ഒരിക്കലും സാധിക്കില്ലെന്നും 300 വൈദികർ പങ്കെടുത്ത യോഗം അറിയിച്ചു. വൈദിക സമ്മേളന തീരുമാനത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ അൽമായ മുന്നേറ്റം അതിരൂപത സമിതി പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ എറണാകുളം അതിരൂപതയെ തകർക്കാൻ നേതൃത്വം നൽകുന്നവരുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചു. ലിറ്റർജിക്കൽ വേരിയന്റ് എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും പ്രസ്താവനയിൽ അറിയിച്ചു.