ചോറ്റാനിക്കര: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ പ്രേമകുമാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചർച്ചകൾക്കായി ഇന്ന് യെമനിലേക്ക് തിരിക്കും മുമ്പ്, പ്രേമകുമാരിക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ കേസ് നടത്തുന്ന അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രനൊപ്പമാണ് മാദ്ധ്യമങ്ങളെ കണ്ടത്.
നിമിഷപ്രിയയുമായി ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും നിമിഷ ജയിലിൽ ആതുര സേവനം ചെയ്യുന്നതിനാൽ യെമൻ ഭരണകൂടം വധശിക്ഷ നടപ്പാക്കില്ലെന്നാണ് പ്രതീക്ഷയെന്നും പ്രേമകുമാരി പറഞ്ഞു. ഗോത്ര തലവന്മാരുമായി പലവട്ടം നടന്ന ചർച്ചയിൽ നിമിഷയ്ക്ക് അനുകൂലമായ സമീപനം സ്വീകരിക്കാമെന്ന് ധാരണയായിട്ടുണ്ട്. തുക സംബന്ധിച്ചാണ് തീരുമാനം ഉണ്ടാകേണ്ടത്.
ഇന്ന് കൊച്ചിയിൽ നിന്ന് മുംബയ് വഴി യെമനിലെ ഏഡെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തുക. അവിടെ നിന്ന് റോഡുമാർഗം സനയിലെത്തി ജയിലിൽ നിമിഷപ്രിയയെ സന്ദർശിക്കാമെന്നാണ് പ്രതീക്ഷ. യെമനിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാവിമാന സർവീസില്ല. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും എത്തുന്ന വിമാനങ്ങൾ മാത്രമാണ് ആശ്രയം. അത്തരമൊരു വിമാനത്തിലാണ് പ്രേമകുമാരി മുംബയിൽ നിന്ന് ഇന്ന് വൈകിട്ട് അഞ്ചിന് യാത്രതിരിക്കുക.
ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ലാത്തതിനാൽ സേവ് നിമിഷ പ്രിയ ആക്‌ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. എം.എ.യൂസഫലി ഉൾപ്പടെ നിരവധി പേരുടെ സഹായമുണ്ട്. നിമിഷ പ്രിയയ്ക്ക് വേണ്ടി കേന്ദ്രസർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വാഗ്ദാനങ്ങൾ നൽകിയെങ്കിലും കോടതിയിൽ മറ്റൊരു നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും പ്രേമകുമാരി ആരോപിച്ചു.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.