കൊച്ചി: കേരളത്തിലെത്തുമ്പോൾ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ നാവായി മാറുകയാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. രാഹുലിന്റെ പ്രസംഗങ്ങൾ ഓരോ ദിവസവും ബി.ജെ.പിക്ക് പുതിയ ആയുധങ്ങൾ നൽകുന്നതാണ്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പ്രതികരിക്കാതെ കേരളത്തിൽ പ്രാദേശിക നേതാവിനെ പോലെയാണ് രാഹുൽ സംസാരിക്കുന്നതെന്നും കളമശേരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. പൗരത്വനിയമം പോലുള്ള ഗൗരവമേറിയ വിഷയങ്ങളിൽ ബി.ജെ.പിയെ വിമർശിക്കാൻ രാഹുൽ ധൈര്യം കാണിക്കുന്നില്ല. കോൺഗ്രസിന്റെ കരട് പ്രകടന പത്രികയിൽ പൗരത്വ നിയമം റദ്ദാക്കുമെന്നായിരുന്നു. പത്രികയിൽ നിന്നും അത് ഒഴിവാക്കാൻ രാഹുൽ നിർദ്ദേശിച്ചതായാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ കിടക്കുമ്പോൾ കേരള മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്ന വിമർശനം കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നു എന്നുള്ള പ്രതിപക്ഷ വിമർശനങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ഇ.ഡി. മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോൾ ഇടത് പക്ഷം പ്രതിഷേധിച്ചിരുന്നതായും പി.രാജീവ് പറഞ്ഞു.