വൈപ്പിൻ : ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം. എടവനക്കാട് ചാത്തങ്ങാട് ബസ് സ്റ്റോപ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം. ബൈക്കിലെത്തിയ യുവാവ് കുട്ടിയുടെ കോളറിൽ പിടിച്ച് വലിച്ച് ബലമായി ബൈക്കിൽ വലിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. കുട്ടി കുതറി മാറിയപ്പോൾ യുവാവ് റഹ്മാനിയ മസ്ജിദിന് തെക്ക് വശത്തുള്ള കോൺക്രീറ്റ് റോഡിലൂടെ ഓടിച്ചു പോയി. ബൈക്കിന്റെ നമ്പർ പ്ലേറ്റ് സ്റ്റിക്കറൊട്ടിച്ച് മറച്ചിരുന്നു.
കറുത്ത കോട്ടും വെള്ള ബനിയനും മാസ്‌ക്കും ധരിച്ച മുടിനീട്ടി വളർത്തിയ യുവാവാണ് തന്നെ പിടിക്കാൻ ശ്രമിച്ചതെന്ന് കുട്ടി പറഞ്ഞു. മാതാപിതാക്കൾ ഞാറക്കൽ പൊലീസിൽ പരാതി നൽകി.