s

മോദിയെ വീഴ്ത്താൻ കച്ചമുറുക്കിയ ഇന്ത്യ മുന്നണിയിലെ കരുത്തരായ കോൺഗ്രസിനും സി.പി.എമ്മിനും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ചെറിയൊരു സംശയം-ആരാണ് മുന്നണിക്കകത്തെ ശകുനി. ബി.ജെ.പിക്കാരുടെ പ്രിയപ്പെട്ട ബേബിയായ കോൺഗ്രസിലെ ഭാവി പ്രധാനമന്ത്രിയല്ലാതെ മറ്റാരുമല്ലെന്ന് മുഖ്യമന്ത്രി പിണറായി സഖാവ് തുറന്നടിക്കുമെന്ന് കോൺഗ്രസുകാർ ഓർത്തില്ല. തലയിലെ പെരുപ്പ് ലേശം മാറിയപ്പോൾ കോൺഗ്രസിലെ ചാണക്യനായ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സടകുടഞ്ഞെഴുന്നേറ്റു. മോദിയുടെ കോളാമ്പിയാണ് പിണറായിയെന്നും ഇന്ത്യ മുന്നണിയെ അട്ടിമറിക്കാൻ സഖാക്കൾ ക്വട്ടേഷനെടുത്തിരിക്കുകയാണെന്നുമാണ് സതീശന്റെ പ്രത്യാക്രമണം. മോദി എഴുതിക്കൊടുക്കുന്ന പ്രസംഗം അതേപടി വായിക്കുന്ന പിണറായിക്ക് സംഘികളിൽ നിന്ന് ചില ഉറപ്പുകൾ കിട്ടിയിട്ടുണ്ടെന്നും സതീശൻജി കണ്ടെത്തി. സംഘികളും സഖാക്കളും ചേർന്നുള്ള അന്തർധാര സജീവമായതിനാൽ ഭാവിയിൽ അവർ കേന്ദ്രം ഭരിച്ചാലുള്ള അവസ്ഥയോർക്കുമ്പോൾ എങ്ങനെ ദേഷ്യവും സങ്കടവും വരാതിരിക്കും!.

അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ഇടിയും ഉരുട്ടലും ഏറ്റുവാങ്ങിയ സംഘികളും സഖാക്കളും ജയിലിൽ ചങ്കന്മാരായിരുന്നെന്ന് സകലർക്കും അറിയാം. ഇടിക്കും ഉരുട്ടലിനും മറ്റു ചിലപ്രയോഗങ്ങൾക്കും ഒരുമിച്ചു വിധേയരായ ഡബിൾ ചങ്കന്മാർ എന്നു പറയേണ്ടിവരും. പരസ്പരം തിരുമ്മിയും ചൂടുവച്ചും ആശ്വസിപ്പിച്ചും കഴിഞ്ഞിരുന്നവരാണ്. അകത്തെ കൂട്ടുകാർ പുറത്ത് ശത്രുക്കളായി ഭാവിക്കുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്നു വേണം കരുതാൻ. രാഹുൽജിയെ കളിയാക്കുന്ന കാര്യത്തിൽ താടിയുള്ള ചങ്കനും താടിയില്ലാത്ത ചങ്കനും ഒരേമനസാണ്. രാഹുൽജി പ്രധാനമന്ത്രിയാകണമെന്ന് കേരളത്തിനു പുറത്തുള്ള വേദികളിൽ പ്രസംഗിക്കുന്നവർ വയനാട്ടിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഗുട്ടൻസ് എന്താണെന്ന് കോൺഗ്രസുകാർക്ക് അറിയാമെന്നും സതീശൻജി ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ പൂരപ്പാട്ടിൽ തുടങ്ങി ചവിട്ടുനാടകത്തിൽ അവസാനിച്ചേക്കാം. ഹൊറർ സിനിമ കാണുമ്പോഴോ രാത്രിയിൽ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോഴോ പേടിമാറാൻ പാട്ടുപാടുന്നതുപോലെയാണ് പിണറായിയുടെ കലാപരിപാടിയെന്നു പറഞ്ഞ് ചില കോൺഗ്രസുകാർ രംഗത്തിറങ്ങിയിട്ടുണ്ട്. രാഹുൽജിയെ ചീത്തവിളിച്ച് മോദിയെ സുഖിപ്പിക്കുക. കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക്, സതീശൻജിയുടെ സഹായത്തിന് കളരിയാശാനും ഭാഷാപണ്ഡിതനുമായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കളത്തിലിറങ്ങിയേക്കാം. മൈക്ക് ഓൺ ആണെന്നറിയാതെ സതീശൻജിയെക്കുറിച്ച് സുധാകർജി നടത്തിയ ആത്മഗതം നാട്ടുകാർ മുഴുവൻ കേട്ടതിനെ തുടർന്ന് കുറേനാളായി ഇരുവരും അത്ര സുഖത്തിലായിരുന്നില്ലെങ്കിലും കോൺഗ്രസുകാർ പിണക്കം ദീർഘകാലം മനസിൽ സൂക്ഷിക്കുന്നവരല്ല. ഉള്ളതു പറയും, പിണങ്ങും. കുറേക്കഴിയുമ്പോൾ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യും. അതോടെ എല്ലാം 'കോംപ്ലിമെന്റ്‌സാകും".
ഇന്നത്തെ കോൺഗ്രസുകാർ നാളെ ആരാകുമെന്നതിന് തെളിവാണ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയും ലീഡറുടെ മകൾ പത്മജയുമെന്നാണ് ഇതിനെല്ലാം സഖാക്കളുടെ മറുപടി. പല സീനിയർ നേതാക്കളും വൈകാതെ ബി.ജെ.പിയിലെത്തി ഏതെങ്കിലുമൊക്കെ കസേരകളിൽ കയറിക്കൂടിയേക്കാം. കേരളത്തിൽ കോൺഗ്രസിനെ ജയിപ്പിച്ചാൽ കേരളം വൈകാതെ സംഘികളുടെ കൈയിലാകുമെന്നും പ്രചാരണത്തിൽ ഓർമ്മിപ്പിക്കുന്നു. അതേസമയം,​ സഖാക്കളും ഖദറുകാരും നൽകുന്ന പ്രോത്സാഹനത്തിൽ കോരിത്തരിച്ചിരിക്കുകയാണ് പരിവാറുകാർ. പുറമേ ദേഷ്യം കാണിച്ചാലും രണ്ടു കൂട്ടർക്കും വലിയ കാര്യമാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുകാരെയും സഖാക്കളെയും കഴിയുംപോലെ സഹായിച്ചിട്ടുണ്ടെങ്കിലും കാര്യംകഴിഞ്ഞാൽ നന്ദി കാട്ടാത്തതിൽ വലിയ വിഷമമുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. നല്ലവരായ സഖാക്കളും ഗാന്ധിയൻമാരും മറ്റു പാർട്ടിക്കാരും പരിവാർ തറവാട്ടിലേക്കു കടന്നുവരണമെന്നാണ് ആഗ്രഹം. എല്ലാവരും ഒന്നായാൽ പിണക്കമില്ല. കഷണങ്ങൾ കൂടുമ്പോൾ അവിയലിനു രുചികൂടും.

തിഹാറിലെ കഠിന

പരീക്ഷണങ്ങൾ

തിഹാർ ജയിലിൽ കഴിയുന്ന നീതിമാനായ ഡൽഹി മുഖ്യൻ അരവിന്ദ് കേജ്‌രിവാൾ മാമ്പഴവും രണ്ടു ലഡുവും ലേശം ചായയും കഴിച്ചത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സംഘികളും കുത്തിപ്പൊക്കി വിവാദമാക്കുകയാണ്. സംഘിഭരണത്തിൽ മാമ്പഴത്തിനുപോലും രക്ഷയില്ല. പ്രമേഹ രോഗിയായ കേജ്‌രിവാൾ ഇടയ്ക്കിടെ മാമ്പഴവും ലഡുവും തട്ടി രക്തത്തിലെ പഞ്ചാരയുടെ അളവുകൂട്ടി പുറത്തുചാടാൻ ശ്രമിക്കുകയാണെന്നാണ് ഇ.ഡിയുടെ ആരോപണം. മറ്റു പദ്ധതികൾ പൊളിഞ്ഞ സ്ഥിതിക്ക് മാമ്പഴവിദ്യ പരീക്ഷിച്ചു നോക്കാൻ ചില അടുപ്പക്കാർ ഉപദേശിക്കുകയായിരുന്നു.

സമാനമായ വിദ്യ കുറേക്കാലം മുമ്പ് കേരളത്തിൽ ഒരു വനിതാ നേതാവ് പരീക്ഷിച്ചിരുന്നു. അന്ന് കോൺഗ്രസിൽ ആയിരുന്ന കക്ഷി ഇപ്പോൾ എൽ.ഡി.എഫിലാണ്. എൽ.ഡി.എഫിന് ശോഭനമായ ഭാവി ഉറപ്പുനൽകുന്ന ഈ നേതാവിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. അതുവരെ ഒരു കുഴപ്പവുമില്ലാതിരുന്ന കക്ഷിയുടെ ക്ഷീണം കണ്ട് പാർട്ടിക്കാർ പോലും പകച്ചുപോയി. മണിക്കൂറുകൾക്ക് ശേഷം കണ്ണുതുറന്ന നേതാവിന്റെ മുഖത്ത് ജയിലിലേക്കുള്ള യാത്ര ആശുപത്രിയിലേക്കായതിന്റെ സന്തോഷമുണ്ടായിരുന്നെന്നാണ് പാർട്ടിക്കാർ നൽകിയ വിവരം. വീട്ടിൽ നിന്നിറങ്ങും മുമ്പ് നേതാവ് മുറിയിലേക്കോടിക്കയറി ഉറക്കഗുളിക കഴിച്ചെന്നാണ് കഥ.

നല്ല സ്‌ട്രോംഗ് ആയിരുന്ന ഡൽഹി മദ്യനയത്തിൽ കേജുവും അടുപ്പക്കാരും വെള്ളമൊഴിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം. സോഡയായിരുന്നെങ്കിൽ പിന്നെയും ക്ഷമിക്കാമായിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ നീക്കി സ്വകാര്യ മുതലാളിമാർക്ക് കടന്നുവരാൻ സൗകര്യം ചെയ്‌തെന്ന ആരോപണത്തിൽ കുരുക്ക് മുറുകുകയാണെങ്കിലും അദ്ദേഹത്തിനോ ഭാര്യ സുനിതയ്‌ക്കോ പേടിയില്ല. കേജു ജയിലിൽ സ്ഥിരതാമസമാക്കിയാൽ ഡൽഹിയിലെ കാര്യം എന്താവുമെന്നതിൽ ആം ആദ്മി പ്രവർത്തകർക്ക് ആശങ്കയുണ്ട്.
കേജ്‌രിവാൾ സിംഹമാണെന്നും ഏതു ജയിലിൽ നിന്നും അദ്ദേഹത്തിനു ചാടാനാവുമെന്നും ഭാര്യ സുനിത കേജ്‌രിവാൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പറഞ്ഞത് ഭാര്യയായതിനാൽ തെറ്റാൻ വഴിയില്ല. ജയിലിൽ ഉറങ്ങിക്കിടക്കുന്ന അദ്ദേഹം ഉണർന്നാൽ രണ്ടു സാദ്ധ്യതകളാണുള്ളത്. ഒന്ന്, സിംഹമായി പുറത്തുചാടി സംഘികളുടെ കഥകഴിക്കും. അല്ലെങ്കിൽ ജയിലിലെ ശൗചാലയത്തിൽ പോയിവന്ന് വീണ്ടും കിടന്നുറങ്ങും. സംഘികളുടെ സമയം പോലെയിരിക്കും.