അങ്കമാലി: അങ്കമാലി മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ വിപുലമായ പദ്ധതികളുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ആദ്യപടിയായി അപകടരഹിതമായും പരാതികൾക്കിട വരുത്താതെയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് സമയക്രമം അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ചതായി അസോസിയേഷൻ പ്രസിഡന്റ് ഏ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ അറിയിച്ചു. സാമൂഹ്യ സുരക്ഷയുടെ ഭാഗമായി പോലീസ് സഹകരണത്തോടെ പ്രധാന കവലകളിലും ബസ് സ്റ്റാൻ‌ഡുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ബസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്താനും മത്സര ഓട്ടവും സമയ തർക്കങ്ങളും ഒഴിവാക്കാനും യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനും കഴിയും വിധത്തിലാകും ക്യാമറകൾ സ്ഥാപിക്കുക. ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിനും കൃത്യമായി യൂണിഫോം ധരിക്കുന്നതിനും ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അസോസിയേഷൻ നേതൃത്വം നൽകും. യാത്രക്കാരുടെ സഹകരണത്തോടെ ഓരോ റൂട്ടിലെയും മികച്ച ജീവനക്കാരെ കണ്ടെത്തി അവർക്ക് അർഹമായ അംഗീകാരവും പാരിതോഷികവും നൽകും. മേഖലയിലെ വിവിധ റൂട്ടുകളിലേക്കുള്ള ബസുകളുടെ സമയം കൃത്യമായി അറിയുന്നതിന് തയ്യാറാക്കിയ ബസ്സർ എന്ന മൊബൈൽ ആപ്പിന് പ്രചാരം നൽകും. ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന് കാർഡ് വഴി ടിക്കറ്റ് ചാർജ് നൽകാവുന്ന ടിക്കറ്റ് മെഷീനും ബസുകളിൽ നടപ്പിലാക്കും. യൂണിറ്റ് പ്രസിഡന്റ് എ.പി. ജിബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി കെ.ബി. സുനീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബി.ഒ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, നെൽസൺ മാത്യു, ജോളി തോമസ്, നവീൻ ജോൺ, ടി.എസ്. സിജുകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.പി. ജിബി (പ്രസിഡന്റ്), ബി.ഒ. ഡേവിസ് (സെക്രട്ടറി), ജിജോ ജോണി (വൈസ്.പ്രസിഡന്റ്), നവീൻ നോണി (ജോയിന്റ് സെക്രട്ടറി), ടി.എസ്. സിജുകുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.