കോലഞ്ചേരി: എ.ഐ.സി.ടി.ഇ, വാദ്ധ്വാനി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ ദേശീയ തലത്തിൽ സമർത്ഥരായ സ്കൂൾ - കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഐ.ഡി.ഇ ബൂട്ട് ക്യാമ്പ് 29ന് തുടങ്ങും. ഇന്നവേഷൻ ഡിസൈനും സംരംഭകത്വ കഴിവുകളും പരിപോഷിപ്പിക്കലാണ് ലക്ഷ്യം.

സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ ഫൈനലിസ്റ്റുകളായ 175 പ്രതിഭകളും ലഡാക്ക്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള 50 വിദ്യാർത്ഥികളും അടൽ ടിങ്കറിംഗ് ലാബിൽ നിന്നുള്ള 20 സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രൊഫസർമാരും ഉൾപ്പെടെ 300ലേറേപ്പേർ പങ്കെടുക്കുന്ന ക്യാമ്പ് മേയ് 3ന് സമാപിക്കും.

ദേശീയ തലത്തിൽ ഒമ്പതു ക്യാമ്പുകളാണ് നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ക്യാമ്പിന് എ.ഐ.സി.ടി.ഇ അനുമതി ലഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. നൂതന ആശയങ്ങളും രൂപകല്പനയും വിപണന സാദ്ധ്യതകളും സംരംഭകത്വവും ഭാവി തലമുറയെ മികച്ച സംരംഭകരാക്കി വളർത്താനുള്ള പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നൽകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരാണ് ക്ളാസുകൾ നയിക്കുന്നത്. പങ്കെടുക്കുന്ന പ്രതിഭകളുടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും നിർമ്മിതികളും വിദഗ്ദ്ധരുടെ മുന്നിൽ സമാപനദിവസം അവതരിപ്പിക്കും.

ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ, കോളേജ് മാനേജർ വി. മോഹനൻ, ട്രഷറർ കെ.എൻ. ഗോപാലകൃഷ്ണൻ, സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ, പ്രിൻസിപ്പൽ ഡോ.എസ്. ജോസ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.ഒ.വി. അനീഷ്, അനീഷ് പി. കുമാർ, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. പ്രതിഭ വർഗീസ് എന്നിവർ വാത്താസമ്മേളനത്തിൽ പങ്കെടുത്തു.