അങ്കമാലി : ചാലക്കുടി ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ ഇന്ന് ആലുവ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30 ന് നെടുമ്പാശേരി മള്ളുശേരിയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്ന് കാഞ്ഞൂർ, ശ്രീമൂലനഗരം, ചെങ്ങമനാട് തുടങ്ങിയ മണ്ഡലങ്ങളിൽ പര്യടനം നടത്തും. നെടുവന്നൂർ വെള്ളിപ്പറമ്പിലാണ് സമാപനം.

 ചാർളി പോൾ കൊടുങ്ങല്ലൂരിൽ മൂന്നാം ഘട്ട പര്യടനം പൂർത്തിയാക്കി

ട്വന്റി 20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ഇന്നലെ മൂന്നാംഘട്ട പര്യടനം പൂർത്തിയാക്കി. ഇന്നലെ രാവിലെ വെളിയനാട് നിന്നും ആരംഭിച്ച പ്രചരണം പുത്തൻചിറ പഞ്ചായത്ത് ട്വന്റി20 പാർട്ടി കോ-ഓർഡിനേറ്റർ ആന്റോ പുത്തൻചിറ ഫ്ലാഗ് ഓഫ് ചെയ്തു. ചാലക്കുടി ലോക്‌സഭാ മണ്ഡലം ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി. വെളിയനാട്, പട്ടേപ്പാടം, മങ്കിടി, പുത്തൻചിറ, കുണ്ടായി, അഷ്ടമിച്ചിറ, മാള പളളിപ്പുറം എന്നിവിടങ്ങളിലായിരുന്നു പര്യടനം.

 എൻ.ഡി.എ സ്ഥാനാർത്ഥി കൊടുങ്ങല്ലൂരിൽ

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണന്റെ കൊടുങ്ങല്ലൂർ മണ്ഡലം പര്യടനം അഷ്ടമി ചിറയിൽ ബി.ജെ.പി കേരള സഹപ്രഭാരി നളീൻ കുമാർ കട്ടിൽ എം.പി ഉദ്ഘാടനം ചെയ്തു. കുറുമശേരി ടൗൺ, പറപ്പിള്ളി, കാവിൽ കടവ്, കോണത്തുകുത്ത്, മങ്കിടി, മാള ടൗൺ, മത്തുംപടി, കുഴൂർ, കിഴഡൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി വാളൂരിൽ സമാപിച്ചു. ഇന്ന് കൈപ്പമംഗലം മണ്ഡലത്തിലെ എടവിലങ്ങ് ജംഗ്ഷനിൽ പര്യടനം ആരംഭിക്കും.

 പ്രൊഫ. സി. രവീന്ദ്രനാഥിന് അങ്കമാലി മണ്ഡലത്തിൽ വരവേൽപ്പ്

അങ്കമാലി: എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന് വഅങ്കമാലിയിലെ രണ്ടാംഘട്ട പര്യടനം പൂർത്തിയായി.

അങ്കമാലി മുനിസിപ്പാലിറ്റിയിലും മൂക്കന്നൂർ, കറുകുറ്റി, പാറക്കടവ് പഞ്ചായത്തുകളിലുമായിരുന്നു ഇന്നലത്തെ പൊതുപര്യടനം. രാവിലെ ഐനിക്കത്താഴത്ത് 80 വയസുകാരി കുട്ടികുറുമ്പയുടെ അനുഗ്രഹം വാങ്ങി തുടക്കം കുറിച്ച പര്യടനത്തിന് നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളും ചെണ്ടമേളവും അകമ്പടിയായി. സ്ഥാനാർത്ഥിയുടെ മുഖവും ചിത്രവും ആലേഖനം ചെയ്ത ടീഷർട്ട് ധരിച്ചായിരുന്നു പാർട്ടി പ്രവർത്തകർ പര്യടനത്തിൽ അണിചേർന്നത്. കുന്നിപ്പിള്ളിശേരിയിൽ ചിത്രകാരനായ അനീഷ് ഗംഗാധരൻ വരച്ച ജലച്ഛായ ചിത്രം നൽകിയായിരുന്നു വോട്ടർമാർ സ്ഥാനാർത്ഥിയെ വരവേറ്റത്. മുൻമന്ത്രി ജോസ് തെറ്റയിൽ, ചാലക്കുടി ലോക്‌സഭ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി യു.പി. ജോസഫ്, എൽ.ഡി.എഫ് നേതാക്കളായ എം.പി. പത്രോസ്, കെ.കെ. ഷിബു, സി.കെ. സലിംകുമാർ, എം. മുകേഷ്, മാത്യൂസ് കോലഞ്ചേരി, ജയ്‌സൺ പാനികുളങ്ങര, കെ.പി. രജീഷ്, സനൽ മൂലംകുടി എന്നിവർ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകി.