കൊച്ചി : ഹൈന്ദവ വിശ്വാസികളെയും പൂര പ്രേമികളെയും ഒരുപോലെ അവഹേളിക്കുന്ന നടപടിയാണ് തൃശൂരിൽ പൊലീസ് നടത്തിയതെന്നും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ പറഞ്ഞു. ആചാരപരമായും വിശ്വാസപരമായും ഏറെ പ്രാധാന്യമുള്ളതാണ് തൃശൂർ പൂരം. ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്തവിധത്തിലുളള ധാർഷ്ട്യം കാട്ടി പൂരം അലങ്കോലമാക്കാനാണ് പൊലീസ് ശ്രമിച്ചത്. ആചാരങ്ങളുടെ നഗ്‌നമായ ലംഘനമാണ് തൃശൂരിൽ ഉണ്ടായത്. വിശ്വാസികളുടെ മനസിനെ മുറിവേൽപ്പിച്ച അതീവ ഗൗരമുള്ളതും കുറ്റകരവുമായ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.