
ഫോർട്ട്കൊച്ചി: ജല മെട്രോ ബോട്ട് സർവീസ് ഇന്നു മുതൽ പശ്ചിമകൊച്ചിയിലെത്തും. സാമൂഹ്യ സംഘടനകളും യാത്രക്കാരും നാട്ടുകാരും വ്യാപാരി സമുഹവും ഒത്തുചേർന്ന് ജനകീയമായാണ് ബോട്ട് സർവീസിനെ വരവേറ്റ് ജെട്ടി ഉദ്ഘാടനം നടത്തും. തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങളുള്ളതിനാലാണ് ജനകീയ ഉദ്ഘാടനം.
ഒട്ടേറേ സവിശേഷതകളുള്ള ഫോർട്ടുകൊച്ചി ജെട്ടി നിർമ്മാണം കെ.എം.ആർ.എല്ലിന് വെല്ലുവിളികളുടെതായിരുന്നു. ചീനവലകൾക്ക് മദ്ധ്യേ അഴിമുഖ കവാടത്തിൽ കപ്പൽചാലിനോട് ചേർന്ന് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഫ്ളോട്ടിംഗ് പോൺഡ്യൂൺ സംവിധാനമൊരുക്കിയായിരുന്നു നിർമ്മാണം. നഗരസഭ ,തുറമുഖ ട്രസ്റ്റ് അടക്കമുള്ളവരുടെ തടസങ്ങളും ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കുന്നുവെന്ന പരാതിയിലെ കോടതി നടപടി തുടങ്ങി ജെട്ടി നിർമ്മാണത്തിന് നിരവധി തടസങ്ങൾ വെല്ലുവിളിയായിരുന്നു.
2019 ൽ 0.87 ഏക്കർ സ്ഥലത്ത് നിർമ്മാണം തുടങ്ങിയത്. 2022 ൽ ആദ്യഘട്ട സർവീസ് പദ്ധതിയിലുൾപ്പെട്ടതാണ് ഫോർട്ടുകൊച്ചി ജലമെട്രോ. എറണാകുളം -വൈപ്പിൻ സർവീസാണ് ഫോ ർട്ടു കൊച്ചിയിലെത്തുക. അര മണിക്കൂർ യാത്രയ്ക്ക് 40 രൂപയാണ് നിരക്ക്.
ഇന്ന് രാവിലെ 10.30 ന് പ്രമുഖരുമൊത്തുള്ള ബോട്ട് ഫോർട്ടുകൊച്ചി ജെട്ടിയിലെത്തും .വിദേശ വിനോദസഞ്ചാര സീസണിന്റെ അവസാനഘട്ടവും ആഭ്യന്തര ടൂറിസം സീസൺ തുടരുന്നതും ജലമെട്രോ സർവീസിന് കൂടുതൽ ഗു ണകരമാകുമെന്നാണ് വിലയിരുത്തൽ.