
കൊച്ചി: ആധുനിക സൗകര്യങ്ങളുള്ള മാർക്കറ്റിനോട് കിടപിടിക്കാൻ മൾട്ടി ലെവൽ വാഹന പാർക്കിംഗ് സൗകര്യം കലൂർ മാർക്കറ്റിലൊരുങ്ങും. കൊച്ചി നഗരത്തിലെ ആദ്യത്തെ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗര്യമാണിവിടെയൊരുങ്ങുക. 120 കാറുകൾക്കും 100 ബൈക്കും പാർക്ക് ചെയ്യാൻ സാധിക്കും. 24.65 കോടി രൂപയാണ് നിർമ്മാണച്ചെലവ്. പാർക്കിംഗ് സമുച്ചയത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായതായി മേയർ എം. അനിൽകുമാർ അറിയിച്ചു. ഇതോടെ ഇരട്ടി വരുമാനമാണ് നഗരസഭയിലേക്കെത്തുക.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. നിലവിൽ മാർക്കറ്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ജൂൺ മാസത്തിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യം.
3 നിലകളിലായി ഏകദേശം 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് മാർക്കറ്റ് കോംപ്ലക്‌സ് ഉയരുന്നത്. മൊത്തം 1.63 ഏക്കർ ആണ് പ്ലോട്ട് ഏരിയ. 72.69 കോടിയാണ് പദ്ധതി ചിലവ്.
മാലിന്യ സംസ്കരണം
വൃത്തിഹീനമായ മാർക്കറ്റ് മാറ്റി പുതിയതു നിർമ്മിക്കാൻ താത്കാലിക മാർക്കറ്റ് നിർമ്മിച്ച് വ്യാപാരികളെ അവിടേക്ക് മാറ്റിയ ശേഷമായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കം. മാർക്കറ്റിൽ ഉണ്ടാകുന്ന മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കാൻ മണപ്പാട്ടി പറമ്പ് മാതൃകയിൽ ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റ് സ്ഥാപിക്കും. ഒരു ടൺ മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റിൽ നിന്നുള്ള വളമാണ് ഇപ്പോൾ സുഭാഷ് പാർക്കിൽ ഉൾപ്പെടെ ഉപയോഗിക്കുന്നത്. ഐ.സി.എൽ.ഇയുടെ സഹകരണത്തോടെയാണ് മണപ്പാട്ടി പറമ്പിൽ ഇത് സ്ഥാപിച്ചത്. അതേ മാതൃകയിൽ അതേ വലിപ്പത്തിലുള്ള ഓർഗാനിക് വേസ്റ്റ് കമ്പോസ്റ്റ് പ്ലാന്റാണ് മാർക്കറ്റിലും സ്ഥാപിക്കുന്നത്. ഇതോടെ മാർക്കറ്റിൽ ഉണ്ടാകുന്ന ഭക്ഷണം കൃത്യമായി സംസ്കരിച്ച് വളമാക്കി മാറ്റാൻ സാധിക്കും. 24 മണിക്കൂറും മാർക്കറ്റ് ശുചിയായി സൂക്ഷിക്കും. ഇതിനായി സംവിധാനങ്ങൾ ഒരുക്കും.
മൾട്ടി ലെവൽ കാർ പാർക്കിംഗ്
പദ്ധതി ചെലവ്: 24.65
പാർക്ക് ചെയ്യാവുന്നവ: കാർ 120, ബൈക്ക്- 100
സമയബന്ധിതമായി മാർക്കറ്റിന്റെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. മാർക്കറ്റ് മൊത്ത വ്യാപാരികൾക്കും ചില്ലറ വ്യാപാരികൾക്കും മാത്രമല്ല കൊച്ചി നഗരം കാണാൻ വരുന്നവർക്കും കേരളത്തിലെ ഏറ്റവും നല്ല അത്യാധുനികമായ ഒരു മാർക്കറ്റ് കാണാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.എറണാകുളം മാർക്കറ്റ് നമ്മുടെ അഭിമാനമായി മാറും
എം. അനിൽകുമാർ
മേയർ