കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനു ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രവർത്തകരെ ആവേശം കൊള്ളിച്ച് വാഹനപര്യടനം അവാസന ഘട്ടത്തിലേക്ക്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ വാഹന പ്രചാരണം ഇന്നലെ അവസാനിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെയും എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെയും വാഹനപര്യടനം അവസാന ഘട്ടത്തിലാണ്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ ഇന്നലത്തെ പര്യടനത്തിലെ താരസാന്നിദ്ധ്യം. മുൻ എൻ.എസ്.യു.ഐ പ്രസിഡന്റായിരുന്ന ഹൈബി ഈഡനെ വിജയിപ്പിക്കാൻ എൻ.എസ്.യു.ഐ പ്രസിഡന്റ് വരുൺ ചൗധരിയും എത്തിയിരുന്നു.
തൃക്കാക്കര നിയോജകമണ്ഡലത്തില്‌ ഉമ തോമസ് എം.എൽ.എ യ്‌ക്കൊപ്പമായിരുന്നു തുറന്ന വാഹനത്തിലെ ഹൈബി ഈഡന്റെ സ്ഥാനാർത്ഥി പര്യടനം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ പ്രചാരണവും ഇന്നലെ തൃക്കാക്കര കേന്ദ്രീകരിച്ചായിരുന്നു. തൃക്കാക്കര മണ്ഡലം പൊതുപര്യടനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ മാമംഗലത്ത് ഉദ്ഘാടനം ചെയ്തു. വെണ്ണല- ചളിക്കവട്ടം ലോക്കൽ കമ്മിറ്റി, തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള പര്യടനം.

ഉച്ചക്ക് ശേഷം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റിയിലെ തുരുത്തേപ്പറമ്പിൽ നിന്ന് ആരംഭിച്ച പര്യടനം നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി വൈകിയാണ് അവസാനിച്ചത്.
രാവിലെ പെരുമ്പടപ്പിൽ നടത്തിയ പ്രഭാത സവാരിയിൽ നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം ചേർന്ന എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന് ഉജ്ജ്വല സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ ലഭിച്ചത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ പ്രഭാത സവാരി ഉദ്ഘാടനം ചെയ്തു. പ്രഭാത സവാരിക്ക് ശേഷം മട്ടാഞ്ചേരിയിൽ പ്രമുഖ വ്യക്തികളെ സന്ദർശിച്ചു. വൈകിട്ട് വടക്കേക്കര മണ്ഡലത്തിലായിരുന്നു വാഹന പര്യടനം