boat

കൊച്ചി: ബോട്ടുടമകളുടെ ലൈസൻസ് കഷ്ടപ്പാടിന് ഉടനെ പരിഹാരമാകാൻ വഴി തെളിയുന്നു. പുതിയ ബോട്ടുകളുടെ രജിസ്ട്രേഷനും നിലവിലുള്ളവയുടെ വാർഷിക സർവേയും മറ്റും ചെയ്യാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ തുറമുഖ വകുപ്പ് ഓൺലൈൻ സേവനത്തിലേക്ക്. ഇതിനായി ആപ്പും തയ്യാറാകുന്നുണ്ട്. ഒരു മാസത്തിനകം ഇവ ഉപയോഗക്ഷമം ആയേക്കും.

തുറമുഖവകുപ്പ് മാരിടൈം ബോർഡിൽ ലയിപ്പിച്ചതിന്റെ ഭാഗമാണ് ഓൺലൈൻ സംവിധാനങ്ങളും. ഇപ്പോൾ ബോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉടമകൾ തുറമുഖ വകുപ്പിന്റെ ഓഫീസുകൾ കയറിയിറങ്ങി നട്ടം തിരിയുകയാണ്. വകുപ്പിലെ സർവേയർമാരുടെ കുറവും സംവിധാനങ്ങളുടെ അപര്യാപ്തതയും മൂലം സംസ്ഥാനത്തെ നൂറുകണക്കിന് ബോട്ടുകൾക്ക് സർവീസ് നടത്താനാകുന്നില്ല.

എറണാകുളം ഫോർഷോർ റോഡിലെ തുറമുഖ വകുപ്പിന്റെ മേഖലാ ഓഫീസ് കൊടുങ്ങല്ലൂരിലെ മുനക്കൽ ബീച്ചിലേക്ക് മാറ്റിയത് മൂലം ബോട്ടുടമകൾ വലയുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളാണ് ഈ ഓഫീസിന്റെ പരിധിയിൽ. ബീച്ച് വിജനപ്രദേശത്ത് ആകയാലും ഗതാഗത സൗകര്യം കുറവായതും പ്രശ്നങ്ങൾ രൂക്ഷമാക്കി. ഒരു കാര്യത്തിന് വേണ്ടി മൂന്നും നാലും തവണ ഇവിടെ വന്നു പോകേണ്ട സ്ഥിതിയായിരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ബോട്ടുകൾ. തൃശൂരിൽ വളരെ കുറവാണുതാനും.

ബോട്ടുകൾക്ക് വേണ്ടത്

 പൊതുസർവീസ് നടത്തുന്ന എൻജിനുള്ള എല്ലാ ബോട്ടുകൾക്കും ലൈസൻസ് വേണം.

 ഫിറ്റ്നസി​ന് അംഗീകൃത സർവേയർമാർ സ്റ്റെബിലിറ്റി ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകണം

 രണ്ട് വർഷം കൂടുമ്പോൾ സർവേ നിർബന്ധം

 മൂന്ന് വർഷ ഇടവേളകളിൽ യാനങ്ങൾ ഡ്രൈ ഡോക് ചെയ്യണം.

സർവ്വേയറുടെ അംഗീകാരപത്രത്തോടെ കരയിൽ കയറ്റിവച്ച് ഹള്ള് പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണം

സർവേയർമാർ ഇല്ല

സംസ്ഥാനത്ത് ബോട്ട് പരിശോധനയ്ക്ക് നിലവിൽ രണ്ട് സർവ്വേയർമാരേയുള്ളൂ. ഉടനെ കൂടുതൽ സർവേയർമാരെ നിയമിക്കുമെന്ന് കേരള മാരിടൈം ബോർഡ് പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അപേക്ഷകൾ ഓൺലൈനിൽ ആക്കിയാലും ആപ്പ് വന്നാലും സർവ്വേയർമാരുടെ പരിശോധന ഒഴിവാക്കാനാവില്ല. കൂടുതൽ പേരെ എത്രയും വേഗം നിയമിക്കുക മാത്രമാണ് പോംവഴി.

താനൂർ ബോട്ടു ദുരന്തത്തെ തുടർന്ന് കേരള മാരിടൈം ബോർഡ് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ് കൊലക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ശേഷം മാരി​ടൈം ബോർഡുമായി​ സഹകരി​ക്കാൻ നേവൽ ആർക്കി​ടെക്ടുമാരും സർവേയർമാരും മടി​ക്കുന്നതായിരുന്നു പ്രധാനപ്രശ്നം.