dileep

കൊച്ചി: 'ഒരു ലക്ഷം പേ‌ർക്ക് തൊഴിൽ. പത്ത് ലക്ഷം പേർക്ക് ഉദ്യോഗം' മാറിമാറിവരുന്ന സർക്കാരുടെ എല്ലാം വാഗ്ദാനങ്ങളാണിത്. ഇതെല്ലാം പ്രഖ്യാപനത്തിലൊതുക്കുന്ന സർക്കാരുകളെ നാണിപ്പിക്കുന്ന ഹോബിയുണ്ട് തൃപ്പൂണിത്തുറ സ്വദേശി ദിലീപ് ജി. മേനോന്.

സാധാരണക്കാരായ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ചൂണ്ടിക്കാട്ടി കൊടുക്കുകയാണ് ബാങ്ക് മാനേജരും സാമൂഹ്യപ്രവർത്തകനുമായ ദിലീപ്. ഒമ്പതുവർഷമായി ദിലീപിന്റെ ജോബ്സ് ഓൺ നെറ്റ് എന്ന സാമൂഹിക മാദ്ധ്യമ ഗ്രൂപ്പ് വഴി ജോലി ലഭിച്ചത് ആയിരങ്ങൾക്കാണ്. തീർത്തും നിസ്വാർത്ഥ സേവനം.

പത്ത് വർഷം മുമ്പ് നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം സംഘടിപ്പിച്ച് നൽകിയാണ് സാമൂഹ്യസേവനം തുടങ്ങിയത്. ഇത്തരം കുടുംബങ്ങളിലെ ഒരാൾക്കെങ്കിലും അവർക്ക് പറ്റാവുന്ന ചെറിയ ജോലി സൃഷ്ടിക്കുകയാണ് യഥാർത്ഥ സേവനമെന്ന തിരിച്ചറിവ് ജോബ്സ് ഓൺ നെറ്റിന്റെ പിറവിക്ക് വഴിതുറന്നു. ആ ദൗത്യം 17000ൽ അധികം അംഗങ്ങളുള്ള വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കും യുട്യൂബ് ചാനലിലേക്കും വളർന്നു. ഇപ്പോൾ മാസം കുറഞ്ഞത് 30 പേർക്കെങ്കിലും ദിലീപ് മുഖേന ജോലി ലഭിക്കുന്നുണ്ട്.

തൊഴിൽ ദാതാവിൽ നിന്നോ ഉദ്യോഗാർത്ഥിയിൽ നിന്നോ നയാപൈസ പ്രതിഫലവും വാങ്ങില്ല. നന്ദിയുമായി തേടിയെത്തുന്നവർ നിർബന്ധിച്ചാൽ പാവപ്പെട്ട കിടപ്പുരോഗികളെയോ സഹായം ആവശ്യമുള്ള നിർദ്ധനരെയോ ചൂണ്ടിക്കാട്ടും. രണ്ട് പതിറ്റാണ്ടിലേറെയായി ബാങ്കിംഗ്, ഐ.ടി മേഖലകളിൽ പ്രവർത്തിക്കുന്നയാളാണ് ദിലീപ് ജി. മേനോൻ.

.............................................................

സേവനം പ്രയോജനപ്പെടുന്നവരിൽ അറിയാവുന്നവർ വളരെക്കുറച്ചു മാത്രമേയുള്ളൂ. ഇതിൽപ്പരം സംതൃപ്തി വേറെ എന്തുണ്ട്.

ദിലീപ് ജി. മേനോൻ

.........................................................

ജോബ്സ് ഓൺ നെറ്റ്

രാജ്യത്തെ 800ൽപ്പരം കമ്പനികളും സ്ഥാപനങ്ങളും അവർക്ക് ആവശ്യമുള്ള ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ അതത് ദിവസം ദിലീപിന് കൈമാറും. ഈ സന്ദേശം 17 വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആയിരക്കണക്കിന് ആളുകളിൽ എത്തിക്കും. റിലയൻസ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ തൊഴിൽ ദാതാക്കൾ ദിലീപിന്റെ സൈബർ വലയത്തിലുണ്ട്. ബാങ്കിംഗ് മേഖലയിൽ ജോലിചെയ്തപ്പോൾ സമ്പാദിച്ച സൗഹൃദമാണ് യുവതലമുറയുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നത്.