മൂവാറ്റുപുഴ : ഇടുക്കിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥിന് ദേവികുളം മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം. മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരും വോട്ടർമാരുമാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത്. ചിന്നക്കനാൽ പഞ്ചായത്തിലെ മുട്ടുകാട്ടിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ പര്യടനം ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ ഇടുക്കിയിൽ വിജയിച്ചാൽ ഇടുക്കിയിലെ ജനങ്ങളുടെ കാര്യങ്ങൾ നടത്തിത്തരുമെന്നും മറിച്ചാണെങ്കിൽ ഇനിയും ഇടുക്കിക്കാർ കാര്യം നടക്കാൻ നടന്നു മടുക്കുമെന്നും പ്രതീഷ് പ്രഭ പറഞ്ഞു. കേന്ദ്രം വന നിയമം ഭേദഗതി ചെയ്തിട്ടും അത് പ്രയോജനപ്പെടുത്താൻ ഇടതു വലതു മുന്നണികൾ ശ്രമിക്കുന്നില്ല. എൻ.ഡി.എ സ്ഥാനാർത്ഥി വിജയിച്ചാൽ കേന്ദ്ര നിയമം പ്രയോജനപ്പെടുത്തി ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേവികുളം മണ്ഡലം പ്രസിഡന്റ് വി. ആർ. അളഗരാജ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ജില്ലാ സെൽ കോ ഓഡിനേറ്റർ സോജൻ ജോസഫ്, പി.എ. ജോഷി, സന്തോഷ് തോപ്പിൽ, സുരേന്ദ്രൻ കൂട്ടക്കല്ലേൽ, പാർത്ഥേശൻ ശശികുമാർ എന്നിവർ സംസാരിച്ചു.