fire

കൊച്ചി: റെയിൽവെ ട്രാക്കിനോട് ചേർന്ന എട്ടേക്കറോളം പറമ്പിലെ പച്ചപ്പുല്ലുകൾ രാസവസ്തുക്കൾ ഉപയോഗിച്ച് തീവച്ചുനശിപ്പിച്ചതായി പരാതി. തൃപ്പൂണിത്തുറ ചാത്തരിയിൽ റെയിൽവെ ട്രാക്കിനോട് ചേർന്ന് എട്ടേക്കറോളും തുറസായ സ്ഥലമുണ്ട്. ഇതിനോട് ചേർന്ന തന്റെ ഒരക്കറോളം പറമ്പിലും തീയിട്ടതായി ഗ്രീൻ മൂവ്മെന്റ് സെക്രട്ടറി ജിൻസി ജേക്കബ് പൊലീസിനും ഫയർ ഫോഴ്സിനും നൽകിയ പരാതിയിൽ പറയുന്നു. മൂന്നു ദിവസം തീയിട്ടതുമൂലം 40 സെന്റിലെ പച്ചപ്പുല്ലുകളും തെങ്ങുകളും കത്തിനശിച്ചു.

പച്ചപ്പൂല്ലിൽ തീ കത്തുന്നതും തെങ്ങിൽ പടരുന്നതും ശ്രദ്ധിച്ചപ്പോഴാണ് മണ്ണിൽ കറുത്ത പെയിന്റ് പോലുള്ള വസ്തു പുല്ലിന്റെ അടിയിൽ കണ്ടത്. വീടുകൾക്കും റെയിൽവെ ട്രാക്കിനും സമീപമാണ് തീപിടിച്ചത്. ട്രെയിൻ യാത്രയ്ക്കും ഭീഷണിയാകുന്ന വിധത്തിൽ തീയിട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് റെയിൽവെയ്ക്കും പരാതി നൽകിയിട്ടുണ്ട്.