twins

കൊച്ചി: നാലര വർഷം മുമ്പ് റാന്നി മോതിരവയൽ വാവോലിൽ വിശ്വാസി (28)ന് തോന്നിയ ആശയം ഇന്ന് 50 ജോഡി ഇരട്ടകളുള്ള വാട്‌സാപ്പ് ഗ്രൂപ്പ്. ഇരട്ട സഹോദരൻ വിയാസിനെയും പരിചയത്തിലുള്ള ഏതാനും ഇരട്ട സഹോദരങ്ങളെയും ചേർത്തായിരുന്നു 'ഇരട്ടകളുടെ നാട്" ഗ്രൂപ്പിനു തുടക്കം. ചാരിറ്റി പ്രവർത്തനങ്ങളിൽ മുന്നിലുള്ള ഗ്രൂപ്പിലെ അംഗങ്ങൾ 28ന് കാലടി മാണിക്യമംഗലത്തെ സായിശങ്കര ശാന്തികേന്ദ്രത്തിൽ ഒത്തുചേരും. അവിടെയുള്ള നൂറോളം വയോധികർക്കൊപ്പം ആട്ടവും പാട്ടും കളിചിരിയുമായി ഒരു ദിനം ചെലവിടും. ആഹാരവും ഒന്നിച്ചാകും.

ഗ്രൂപ്പിലെ അംഗങ്ങളായ സന്ദീപ് - സനൂപ്, ധനലക്ഷ്മി - ഭാഗ്യലക്ഷ്മി എന്നിവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുമ്പൊരിക്കൽ ഇവർ ഒത്തുചേർന്നിട്ടുണ്ട്. മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ജോഡികൾ സംഘത്തിലുണ്ട്. കൂട്ടായ്മ വൈകാതെ ഓൾ കേരള ട്വിൻ കമ്മ്യൂണിറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്യും. വിശ്വാസ്, ആതിര, വ്യാസ് പ്രിയ, പ്രീത, അശ്വിൻ, ടിജു, സുജിൻ, അർജുൻ, ടിനു, രാഹുൽ, രാകേഷ് എന്നിവരാണ് ഗ്രൂപ്പ് അഡ്മിൻമാർ.

സ്വീകരണം റോബോട്ടിക് ആനപ്പുറത്ത്

ഇരട്ടകളുടെ വിസ്മയം-2024 എന്ന പേരിലുള്ള സംഗമം വലിയ പരിപാടിയാക്കി മാറ്റുകയാണ് സായിശങ്കര ശാന്തി കേന്ദ്രം. ഇരട്ട ജോഡികളെ റോബോട്ടിക് ആനപ്പുറത്ത് ആനയിക്കും.

 ട്രിപ്പ്‌ലെറ്റ്‌സും
ഒറ്റപ്രസവത്തിൽ ജനിച്ച മൂന്നുപേർ വീതമുള്ള രണ്ട് ട്രിപ്പ്‌ലെറ്റ്‌സും 28ന് എത്തുന്നുണ്ട്. കോഴിക്കോട് സ്വദേശികളായ എബിൻ, സുബിൻ, അബിൻ എന്നിവരും ആലപ്പുഴ സ്വദേശികളായ സംഗീത, സരിത, സവിത എന്നിവരുമാണിവർ.

ഇത്രയുംപേർ ഒരുമിച്ചെത്തുന്നതിന്റെ ആകാംക്ഷയിലാണ് ഞങ്ങൾ.
-വിശ്വാസ്, അഡ്മിൻ

ഇരട്ടകളുടെ സംഗമം ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ.
-പി.എൻ. ശ്രീനിവാസൻ
ഡയറക്ടർ, സായി ശങ്കര ശാന്തി കേന്ദ്രം