palam
നിർമ്മാണം നടക്കുന്ന നെടുമ്പാശേരി പഞ്ചായത്തിലെ ആലുങ്കൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ്

നെടുമ്പാശേരി: ആലുങ്കൽ കടവ് പാലം പണി പൂർത്തിയായി വർഷങ്ങൾക്ക് ശേഷം അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചെങ്കിലും വേഗതയില്ലെന്ന് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് റോഡ് നിർമ്മാണത്തിന് പി.ഡബ്‌ളിയു.ഡി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും ടെൻഡറെടുക്കാൻ ആദ്യം ആളുണ്ടായില്ല. റീ ടെണ്ടർ വിളിച്ചതിനെ തുടർന്ന് കരാർ ഏറ്റെടുത്തയാൾ നിർമ്മാണം തുടങ്ങിയെങ്കിലും മെല്ലെപ്പോക്കെന്നാണ് പരാതി.

അൻവർ സാദത്ത് എം.എൽ.എയുടെ നിരന്തരമായ ഇടപെടലാണ് അപ്രോച്ച് റോഡിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നിൽ. വി.കെ. ഇബ്രാഹിംകുഞ്ഞ് പി.ഡബ്ളിയു.ഡി മന്ത്രിയായിരിക്കെ നബാർഡിൽ നിന്ന് അനുവദിച്ച 11.22 കോടിരൂപ ചെലവഴിച്ച് 2016ൽ ആരംഭിച്ച പാലം നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചിരുന്നു. നിർമ്മാണം പൂർത്തീകരിച്ച് റോഡ് തുറക്കാത്തതിനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തില്ലെങ്കിലും നാട്ടുകാർ സ്വന്തം നിലയിൽ മണ്ണിറക്കി പാലത്തിന്റെ ഇരുവശവും കരയുമായി കൂട്ടിമുട്ടിച്ച് ജനകീയ ഉദ്ഘാടനം നടത്തിയിരുന്നു.

വൈകിയതിന് പിന്നിൽ നടപടിക്കുരുക്കുകൾ

അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട ഭൂമി തണ്ണീർത്തടമായതിനാൽ സർക്കാർ അനുമതിക്ക് കാലതാമസമുണ്ടായി

അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തത് പാലം നിർമ്മിച്ച് വർഷങ്ങൾക്ക് ശേഷം

പൂർത്തീകരിച്ച പദ്ധതികളുടെ ബില്ലുകൾ സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാത്തതോടെ കരാറുകാർ ടെൻഡർ നടപടികളിൽ നിന്ന് വിട്ടു നിന്നു

ആലുങ്കൽ കടവ് പാലം തുറന്നാൽ അങ്കമാലി - ആലുവ ഭാഗത്തേക്ക് പോകുന്നവർക്ക് മൂന്ന് കിലോമീറ്റർ ലാഭം ഗതാഗതകുരുക്കുകളിൽപ്പെടാതെ അത്താണിയിലുമെത്താം

പാലത്തിന്റെ ഇരുവശത്തുമായി 100 മീറ്റർ വീതം നീളത്തിലും എട്ട് മീറ്റർ വീതിയിലുമാണ് അപ്രോച്ച് റോഡ്